കൊച്ചി: നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ വായനയുടെ ലോകം തുറന്നിടാന്‍ കോണ്‍ഗ്രസ്. പാര്‍ട്ടി അടിമുടി മാറുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസുകാരെ കൊണ്ട് പുസ്തകം വായിപ്പിക്കാനുള്ള തീരുമാനവും വന്നിരിക്കുന്നത്. ഡി.സി.സി. ഓഫീസില്‍ ഇതിനായി വലിയ ലൈബ്രറി തന്നെ തുറക്കും. പാര്‍ട്ടി മുന്‍കൈയെടുത്ത് പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിക്കും. 

പാര്‍ട്ടി യോഗങ്ങള്‍ക്ക് മുമ്പ് അര മണിക്കൂര്‍ സമയം ഏതെങ്കിലും ഒരു പ്രധാന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കും. പ്രമുഖരായ എഴുത്തുകാരുമായി സംവാദങ്ങള്‍ സംഘടിപ്പിക്കും. വായിക്കാന്‍ നേരമില്ലാത്തവര്‍ക്ക് കേട്ടറിവെങ്കിലും ഉണ്ടാവട്ടെ എന്ന ലക്ഷ്യത്തോടെയാണ് യോഗങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു പരിപാടിയെക്കുറിച്ച് ആലോചിക്കുന്നത്.

എഴുത്തുകാരുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയുമെല്ലാം സഹകരണത്തോടെയാണ് ഡി.സി.സി. ഓഫീസില്‍ ലൈബ്രറി ആരംഭിക്കുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്തും പാര്‍ട്ടി ശക്തമായി ഇടപെടും. അതിനായി പ്രത്യേക ട്രസ്റ്റ് ഉണ്ടാക്കും. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും അതിന്റെ ചുമതല. 

പുതിയ കാലത്തിനനുസരിച്ച് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായി ഡി.സി.സി. ഓഫീസില്‍ ഡിജിറ്റല്‍ സ്റ്റുഡിയോ ആരംഭിക്കാനും ആലോചനയുണ്ട്. പ്രധാന വിഷയങ്ങളില്‍ നേതാക്കളുടെ പ്രതികരണവും പ്രമുഖരുമായുള്ള സംവാദങ്ങളുമെല്ലാം നവ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണിത്.

താഴെതട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബൂത്തുകള്‍ക്കു കീഴില്‍ മൈക്രോ കുടുംബ യൂണിറ്റുകള്‍ ഉണ്ടാക്കും. മറ്റ് ചുമതലകളൊന്നും ഇല്ലാത്ത മൂന്നു പ്രവര്‍ത്തകര്‍ക്കായിരിക്കും ഇതിന്റെ ചുമതല. മുപ്പത് വീടുകള്‍ക്ക് ഒരു യൂണിറ്റായിരിക്കും. ചുമതലക്കാരില്‍ ഒരാള്‍ വനിതയായിരിക്കും.ഡി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ ശേഷം മുഹമ്മദ് ഷിയാസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രഥമ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. 

കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എം.പി., എം.എല്‍.എ.മാര്‍., കെ.പി.സി.സി. ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights: Congress to improve reading habits in leaders