
പാലക്കാട്: രണ്ടുദിവസത്തിലേറെ വെള്ളമോ ആഹാരമോ ഇല്ലാതെ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു ഏറെ തളര്‍ന്നിരുന്നു. ബാബുവിന്റെ ആരോഗ്യം ഉറപ്പാക്കുന്നതോടൊപ്പം ആത്മധൈര്യവും പകര്‍ന്നാണ് സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ചൊവ്വാഴ്ച കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ മലമുകളിലെത്തിയെങ്കിലും ബാബുവിനെ രക്ഷിക്കാനാവാതെ തിരിച്ചുപോയിരുന്നു. ആ സംഭവം ബാബുവിനെ തളര്‍ത്തിയിട്ടുണ്ടാകുമെന്ന് ദൗത്യസംഘം ചിന്തിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മലമുകളിലെത്തിയിട്ടും ബാബുവിനെ നേരില്‍ കാണാന്‍ കഴിയുമായിരുന്നില്ല. വളവുള്ള പാറക്കെട്ടുകളാണ് കാരണം. എന്നാല്‍, ബാബുവിന് മറ്റൊരുഭാഗത്ത് രക്ഷാപ്രവര്‍ത്തര്‍ നില്‍ക്കുന്നത് കാണാമായിരുന്നുവെന്ന് പറയുന്നു. താഴെ നില്‍ക്കുന്ന വാഹനങ്ങളെയും കാണാം. തന്നെ ആര്‍ക്കും കണ്ടെത്താനാവാത്ത സാഹചര്യമാണെന്ന് ബാബു ചിന്തിച്ചുകാണുമെന്നും ഉദ്യോഗസ്ഥര്‍ ചര്‍ച്ചചെയ്തിരുന്നു. അതിനാല്‍ ബാബുവിന് ആത്മവിശ്വാസം നല്‍കുകയായിരുന്നു സൈന്യം ആദ്യം ചെയ്തത്.
ഡ്രോണുകള്‍ പറത്തി ബാബു ഇരിക്കുന്ന സ്ഥലം കണ്ടെത്തുന്നതോടൊപ്പം ബാബുവിനെ തിരയുന്ന വിവരം അറിയിക്കാനുമായിരുന്നു ശ്രമം. രാത്രി ടോര്‍ച്ചുകള്‍ അടിച്ച് തൊട്ടടുത്തുതന്നെ രക്ഷാസംഘം ഉണ്ടെന്ന് ബാബുവിനെ അറിയിക്കാനും ശ്രമിച്ചു.
ബുധനാഴ്ച രാവിലെ ബാലകൃഷ്ണന്‍ എന്ന സൈനികന്‍ ആദ്യം റോപ്പുവഴി ബാബുവിനരികിലെത്തി വെള്ളം നല്‍കി. പേടിക്കേണ്ടതില്ലെന്നും സൈന്യം എത്തിയിട്ടുണ്ടെന്നും അറിയിച്ചു. സൗമ്യത്തോടെയും ചിരിച്ചുകൊണ്ടുമുള്ള സൈനികരുടെ പെരുമാറ്റം ബാബുവിന് സന്തോഷം നല്‍കി. ബാബുവിനെ താങ്ങിപ്പിടിച്ചാണ് സൈനികര്‍ മുകളിലെത്തിച്ചത്. ബാബുവിനെ താലോലിക്കുന്നതുപോലെയായിരുന്നു സൈനികരുടെ ഇടപഴകല്‍. ഇവിടെനിന്ന് താഴെയിറങ്ങാന്‍ പേടിവേണ്ടെന്നും ഹെലികോപ്ടര്‍ എത്തുമെന്നും അറിയിച്ചു. അല്പനേരം കൊണ്ടുതന്നെ ബാബു അവരോട് ഏറെ അടുത്തിരുന്നു. ആശുപത്രിയിലെത്തുംവരെ രക്ഷാസംഘം നല്‍കിയ ആത്മവിശ്വാസമാണ് ബാബുവിന് ഏറ്റവും വലിയ മരുന്നായത്.
Published: 10 Feb 2022, 07:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented