കണ്ണൂർ: രാഷ്ട്രീയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്കും സിപിഎം നേതാക്കൾക്കും സെൻട്രൽ ജയിലിൽ തടവുകാരുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്താൻ അവസരമൊരുക്കിയതായി പരാതി. പെരിയ ഇരട്ടക്കൊലക്കേസിലും സി.സദാനന്ദൻ വധശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്നവരെ കാണാനാണ് ഓഫീസിൽ പ്രത്യേക സൗകര്യമൊരുക്കിയത്. ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം ജയിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടുവരാൻ ശ്രമമാരംഭിച്ചു.

To advertise here,

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്നവരെ കാണാനെത്തിയ കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും തടവുകാർക്ക് സാധാരണ അനുവദിക്കാറുള്ള മുറിക്ക് പുറത്ത് കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയെന്നാണ് പരാതിയിലുള്ളത്. സി.സദാനന്ദൻ വധശ്രമക്കേസിൽ ശിക്ഷയനുഭവിക്കുന്നവരെ കാണാനെത്തിയ നേതാക്കൾക്കും സമാന സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം.

തടവുകാരെ എങ്ങനെ കാണാം

വിവിധ കേസുകളിൽ കുറ്റവാളികളെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ച് ജയിലിൽ പാർപ്പിക്കുന്നവരെ കാണാൻ ജയിൽ മാനദണ്ഡങ്ങളുണ്ട്. ‍ജയിൽചട്ടത്തിൽ ഇതിനെ ‘ഇന്റർവ്യു’ എന്നാണ് പറയുന്നത്. ജയിലിൽ കാണാൻ ഉദ്ദേശിക്കുന്ന തടവുകാരുടെ വിവരങ്ങളുമായി സൂപ്രണ്ടിന് അപേക്ഷ നൽകുന്നതാണ് ഇതിന്റെ ആദ്യപടി. അപേക്ഷ വെൽഫെയർ ഓഫീസർ പരിശോധിക്കും. കാണാനെത്തുന്നയാളുടെ പേര്, സമയം, ഫോൺനമ്പർ ഉൾപ്പെടെ ഇക്കാര്യങ്ങൾ ജയിൽ റജിസ്റ്ററിൽ രേഖപ്പെടുത്തും. പ്രത്യേക സംവിധാനങ്ങളുള്ള മുറിയിലാണ് കൂടിക്കാഴ്ച അനുവദിക്കുക. നിരീക്ഷണക്യാമറയും ജയിൽ ജീവനക്കാരുടെ സാന്നിധ്യവുമുണ്ടാകും. ഒരാൾക്ക് 30 മിനിട്ടാണ് അനുവദിക്കുന്ന സമയം. ആഴ്ചയിൽ രണ്ടുതവണ ഇത്തരത്തിൽ കൂടിക്കാഴ്ച അനുവദിക്കാമെന്ന് ചട്ടത്തിലുണ്ട്. സൂപ്രണ്ടിന്റെ ഓഫീസിൽ ആളുകൾക്ക് വരാമെങ്കിലും തടവുകാരുമായി കൂടിക്കാഴ്ച അനുവദിക്കരുതെന്നാണ് ചട്ടം