തിരുവനന്തപുരം : പാളയം എൽ.എം.എസിലെ സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക ഓഫീസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണും ഒരുസംഘവും അതിക്രമിച്ചുകയറി. മറുവിഭാഗം വിശ്വാസികളുടെ ആവശ്യപ്രകാരം ഇടപെടലിനു ശ്രമിച്ച ബിഷപ്പ് ഇൻ ചാർജ് ഡോ. റോയ്‌സ് മനോജ് വിക്ടറിനുനേരേ പ്രവീണും സംഘവും അധിക്ഷേപത്തിനു മുതിർന്നു.

To advertise here,

ഓഫീസ് വളപ്പിൽ വ്യാഴാഴ്ച സന്ധ്യക്ക്‌ ആരംഭിച്ച സംഘർഷാവസ്ഥ രാത്രി വൈകിയും നീണ്ടു. അതിക്രമിച്ചുകയറിയവരെ ജില്ലാ കളക്ടറും ഉയർന്ന പോലീസുദ്യോഗസ്ഥരും ഇടപെട്ട് പുറത്താക്കണമെന്ന് ഒരുവിഭാഗം വിശ്വാസികൾ ആവശ്യപ്പെട്ടു. തുടർന്ന് രാത്രി പതിനൊന്നുമണിയോടെ സബ് കളക്ടർ അശ്വതി ശ്രീനിവാസന്റെ നേതൃത്വത്തിൽ ഇരു വിഭാഗവുമായി ചർച്ച നടന്നു. ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് വീണ്ടും ചർച്ചയ്ക്കു തീരുമാനിച്ചു. തീരുമാനത്തിൽ പ്രതിഷേധിച്ച് പിരിഞ്ഞുപോകാൻ കൂട്ടാകാതിരുന്ന ടി.ടി.പ്രവീണിനും സംഘത്തിനും നേരേ പോലീസ്‌ ലാത്തിവീശി.

സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയിൽ രണ്ടു വർഷമായി തുടരുന്ന തർക്കത്തിന്റെ തുടർച്ചയാണ് വ്യാഴാഴ്ചയുണ്ടായ സംഭവം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് രണ്ട് റിട്ട. ജഡ്ജിമാരെ ഇടവകയുടെ അഡ്മിനിസ്‌ട്രേറ്റർമാരായി നിയമിച്ചിരുന്നു. മുൻ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിക്കു പകരം മുൻ പോലീസ് സൂപ്രണ്ട് കെ.ജി.സൈമണെ സെക്രട്ടറിയായി നിയമിച്ചിരുന്നു. അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് ഓഫീസിൽനിന്നു മടങ്ങിയ ശേഷമാണ് ടി.ടി.പ്രവീൺ ഒരുസംഘം അനുയായികളുമായെത്തി കസേര കൈയേറിയത്. ഇതു തടയാനെത്തിയ ബിഷപ്പ് ഇൻ ചാർജ് ഡോ. റോയ്‌സ് മനോജ് വിക്ടറിനുനേരേയാണ് എതിർവിഭാഗം അതിക്രമത്തിനു മുതിർന്നത്‌. വൻസംഘം പോലീസ് സ്ഥലത്തുണ്ടായിരുന്നു. തർക്കം മൂത്തതോടെ നിലവിലെ ഭരണസമിതിയെ അനുകൂലിക്കുന്ന വിശ്വാസികൾ ഇടവക ആസ്ഥാനത്തു തടിച്ചുകൂടി.

മുൻ ബിഷപ്പ് ധർമരാജ് റസാലം, അഡ്മിനിസ്ട്രീറ്റീവ് സെക്രട്ടറി ടി.ടി.പ്രവീൺ എന്നിവരെ തൽസ്ഥാനത്തുനിന്നു മാറ്റുന്നതായ മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ ഇവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ കേസിൽ സുപ്രീംകോടതി ഒരു പരാമർശവും നടത്തിയിരുന്നു. തൽസ്ഥിതി തുടരണമെന്നും നിലവിലെ അഡ്മിനിസ്‌ട്രേറ്റർമാർ തിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങളെടുക്കരുതെന്നുമായിരുന്നു കോടതി നിർദേശിച്ചത്.

കേസ് അടുത്ത മാസത്തേക്കു മാറ്റിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്കനുകൂലമായ ഉത്തരവാണ് സുപ്രീംകോടതിയിലുണ്ടായതെന്ന വാദവുമായാണ് മുൻ സെക്രട്ടറിയും സംഘവും ഓഫീസിൽ അതിക്രമിച്ചുകയറിയത്. മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ സാധുതയാണ് മഹായിടവകയുടെ നിലവിലെ ഭരണസമിതിക്കുള്ളതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി കെ.ജി.സൈമൺ അറിയിച്ചു. എതിർഭാഗത്തിന്റെ മറിച്ചുള്ള വാദം നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.എസ്.ഐ. സഭാതർക്കം: തുടർനടപടി തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി : സി.എസ്.ഐ. സഭയുടെ സിനഡിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടിയെടുക്കുന്നതിൽനിന്ന് ഇടക്കാലസമിതിയെ സുപ്രീംകോടതി തത്‌കാലത്തേക്ക്‌ വിലക്കി. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ അംഗങ്ങളായ സമിതി സഭാഭരണവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്.

സി.എസ്.ഐ. സഭാ ഭരണഘടനയിൽ വരുത്തിയ ഭേദഗതി അസാധുവായി പ്രഖ്യാപിക്കണമെന്നും പുതുതായി തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്ന ഹർജിയിലാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.

ഇടക്കാലസമിതിയെ നിയോഗിച്ച മദ്രാസ് ഹൈക്കോടതിയുടെ ഏപ്രിൽ 12-ലെ ഉത്തരവാണ് സി.എസ്.ഐ. മോഡറേറ്റർ ധർമരാജ് റസാലം സുപ്രീംകോടതിയിൽ ചോദ്യംചെയ്തത്.

ഹർജിയിൽ നോട്ടീസയച്ച സുപ്രീംകോടതി, കേസ് ജൂലായ് മൂന്നാംവാരം പരിഗണിക്കാനായി മാറ്റി.

വിരമിച്ച ജഡ്ജിമാരായ ആർ. ബാലസുബ്രഹ്‌മണ്യൻ, വി. ഭാരതിദാസൻ എന്നിവരെയാണ് സഭയുടെ തിരഞ്ഞെടുപ്പ് നടക്കുംവരെ ഭരണം നടത്താൻ ഹൈക്കോടതി നിയോഗിച്ചത്. ഈ നടപടി റദ്ദാക്കാതെതന്നെ സമിതിയെ തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് തടയുകയാണ് സുപ്രീംകോടതി ചെയ്തത്.