കോഴിക്കോട്:  'ഞാന്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ല'- കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവേശനം നേടുന്ന ഓരോ വിദ്യാര്‍ഥിയും ഇനിമുതല്‍ ഈ സത്യവാങ്മൂലം ഒപ്പിട്ട് നല്‍കണം. വിദ്യാര്‍ഥിക്കൊപ്പം രക്ഷിതാവും. ഇതുസംബന്ധിച്ച സര്‍ക്കുലറും സത്യവാങ്മൂലത്തിന്റെ മാതൃകയും കാലിക്കറ്റ് സര്‍വകലാശാല പുറത്തിറക്കി. 

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചുള്ള സ്ത്രീധന വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാന്‍ കാലിക്കറ്റ് സര്‍വകലാശാല സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്തിടെയുണ്ടായ സ്ത്രീധനമരണങ്ങളുടെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശമാണ് ഇത്തരമൊരു സത്യവാങ്മൂലമെന്നും സര്‍ക്കുലറില്‍ പറയുന്നു. എല്ലാ വിദ്യാര്‍ഥികളും രക്ഷിതാക്കളും അഡ്മിഷന്‍ സമയത്ത് സത്യവാങ്മൂലം പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഈ അധ്യയനവര്‍ഷം നേരത്തെ അഡ്മിഷന്‍ നേടിയവരില്‍നിന്നും സത്യവാങ്മൂലം വാങ്ങണമെന്നും സെപ്റ്റംബര്‍ 15-ന് പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്. 

ഞാന്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ല, അതിന് പ്രേരിപ്പിക്കില്ല, വധു/വരന്മാരുടെ മാതാപിതാക്കളില്‍നിന്ന് സ്ത്രീധനം ആവശ്യപ്പെടില്ല എന്നതാണ് വിദ്യാര്‍ഥികള്‍ നല്‍കേണ്ട സത്യവാങ്മൂലം. സ്ത്രീധനനിരോധനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചാല്‍ ബിരുദം തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെ തനിക്കെതിരേ സ്വീകരിക്കുന്ന നടപടികള്‍ക്ക് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന് മനസിലാക്കുന്നതായും സത്യവാങ്മൂലത്തില്‍ ഒപ്പിട്ട് നല്‍കണം. വിലാസവും ആധാര്‍കാര്‍ഡ് നമ്പറും ഇതോടൊപ്പം സമര്‍പ്പിക്കണം. 

calicut university dowry declaration

അഡ്മിഷന്‍ സമയത്ത് രക്ഷിതാവും സമാനമായ സത്യവാങ്മൂലം തന്നെയാണ് ഒപ്പിട്ട് നല്‍കേണ്ടത്. സ്ത്രീധന നിരോധനനിയമം ലംഘിച്ചാല്‍ മകനെതിരേ സ്വീകരിക്കുന്ന നടപടിക്കളെക്കുറിച്ച് താന്‍ മനസിലാക്കുന്നതായും ബിരുദമോ അഡ്മിഷനോ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് താനും ഉത്തരവാദിയാണെന്ന് ബോധ്യമുണ്ടെന്നും രക്ഷിതാവ് സത്യവാങ്മൂലം നല്‍കണം. സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും അഡ്മിഷന്‍ സമയത്ത് ഈ സത്യവാങ്മൂലം വാങ്ങണമെന്നാണ് സര്‍വകലാശാലയുടെ സര്‍ക്കുലറില്‍ പറയുന്നത്. 

അതേസമയം, സത്യവാങ്മൂലത്തിലെ ചിലകാര്യങ്ങളില്‍ ഇതിനോടകം തന്നെ അഭിപ്രായവ്യത്യാസമുയര്‍ന്നിട്ടുണ്ട്. സ്ത്രീധനനിരോധന നിയമം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ സ്വീകരിക്കുന്ന  ബിരുദം തിരിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് ചര്‍ച്ചയായിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ സര്‍വകലാശാലയിലെ അഡ്മിഷന്‍ റദ്ദാക്കുന്നതിനും ബിരുദം നല്‍കാതിരിക്കുന്നതിനും ബിരുദം തിരിച്ചെടുക്കുന്നതിനും താന്‍ തന്നെയാകും ഉത്തരവാദിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍ ഇതിന് ഒരിക്കലും നിയമസാധുതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. 

calicut university dowry declaration

' റാഗിങ് കേസില്‍ ഉള്‍പ്പെട്ടാല്‍പോലും ബിരുദം റദ്ദാക്കാനോ തിരിച്ചെടുക്കാനോ നടപടികളില്ല. അത് ക്രിമിനല്‍ കേസായാണ് രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീധന നിരോധന നിയമത്തിലും അതേ നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. കേസും നിയമനടപടികളും സ്വീകരിക്കാം. അതിന്റെപേരില്‍ ബിരുദം തിരിച്ചെടുക്കാനോ റദ്ദാക്കാനോ കഴിയില്ല. അതിന് നിയമസാധുതയുമില്ല. സത്യവാങ്മൂലം ലംഘിച്ചതിന്റെ പേരില്‍ ബിരുദം റദ്ദാക്കിയാല്‍, ഹൈക്കോടതിയെ സമീപിച്ചാല്‍ അത് നിലനില്‍ക്കില്ലെന്നേ കോടതി പറയുകയുള്ളൂ'- അഭിഭാഷകനായ മനോഹര്‍ ലാല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

അതിനിടെ, ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് സര്‍വകലാശാല അധികൃതരില്‍നിന്നുള്ള പ്രതികരണം. വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ഗവര്‍ണര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതനുസരിച്ചാണ് സത്യവാങ്മൂലം വാങ്ങാന്‍ തീരുമാനിച്ചതെന്നും ഇതുസംബന്ധിച്ച കേസുകള്‍ വരികയാണെങ്കില്‍ കോടതിയുടെ നടപടിക്രമം അനുസരിച്ചാകുമെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 

Content Highlights: calicut university circular to take declaration from students on anti dowry campaign