ആറ്റിങ്ങല്‍: അറവുശാലയിലേക്ക് കൊണ്ടുവന്ന കാള വിരണ്ടോടി. റോഡിലൂടെ നടന്നുപോയ സ്ത്രീയെ ഓടുന്നതിനിടയില്‍ കാള ഇടിച്ചുവീഴ്ത്തി. ആറ്റിങ്ങല്‍ തോട്ടവാരം സ്വദേശി ബിന്ദുകുമാരിയെയാണ് (55) ഇടിച്ചിട്ടത്. നിലത്തുവീണ് തലയ്ക്ക് പരിക്കേറ്റ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിനു ശേഷം കാള ആരെയും അടുപ്പിക്കാതെ ക്ഷേത്രമൈതാനത്ത് നിലയുറപ്പിച്ചതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ രണ്ടുമണിക്കൂറിന് ശേഷം കാളയെ പിടിച്ചുകെട്ടി. ഇതോടെയാണ് പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ആലംകോട് സ്വദേശി അറവുശാലയിലേക്ക് കൊണ്ടുവന്ന മൃഗങ്ങളുടെ കൂട്ടത്തിലുള്ളതായിരുന്നു വിരണ്ടോടിയ കാള. കാളയെ വാഹനത്തില്‍നിന്ന് പുറത്തിറക്കുമ്പോള്‍ മൂക്കുകയര്‍ പൊട്ടിപ്പോയി. ഇതേത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാള പുറത്തേക്കിറങ്ങിയോടി.
കുഴിമുക്ക്-കൊല്ലമ്പുഴ റോഡിലൂടെ നടന്നുവരികയായിരുന്ന ബിന്ദുകുമാരി വിദ്യാധിരാജ സ്കൂളിന് സമീപമെത്തിയപ്പോഴാണ് കാള ഓടിവരുന്നത് കണ്ടത്. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ കാള ഇവരെ ഇടിച്ചിട്ടു. കാളയുടെ കൊമ്പ് ദേഹത്ത് കൊണ്ടില്ലെങ്കിലും വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റു. ഉടന്‍തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു.
അവിടെനിന്ന് ഓടിയ കാള തിരുവാറാട്ടുകാവ് ദേവീക്ഷേത്രമൈതാനത്തെത്തി നിലയുറപ്പിച്ചു. ഈ സമയം നാട്ടുകാരില്‍ ചിലര്‍ കുരുക്കെറിഞ്ഞ് കാളയെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും കാള കൂടുതല്‍ അക്രമസ്വഭാവം കാണിക്കാന്‍ തുടങ്ങി. പോലീസും അഗ്നിരക്ഷാസേനയും എത്തിയെങ്കിലും ഒന്നും ചെയ്യാനാവാതെ നിന്നു. ഈസമയം തിരുവാറാട്ടുകാവിലെ ആനയായ കാളിദാസന്റെ പാപ്പാന് സ്ഥലത്തെത്തുകയും കയറുകൊണ്ട് കുരുക്കുണ്ടാക്കി കാളയുടെ കഴുത്തിലെറിഞ്ഞ് കാളയെ നിയന്ത്രണവിധേയമാക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഉടമയെത്തി കാളയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.
Content Highlights: Bull attack in Attingal
Published: 03 Feb 2025, 08:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented