പാലക്കാട് : കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്ര പരിസരത്തെ സിനിമാ ചിത്രീകരണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. 'നീയാം നദി' എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. അനുമതിയില്ലാതെ ചിത്രീകരിച്ചത് ചോദ്യം ചെയ്‌തെന്നാണ് ബിജെപിയുടെ പ്രതികരണം.

മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന 'നീയാം നദി' എന്ന സിനിമയുടെ ചിത്രീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. വായില്യാംകുന്ന് ക്ഷേത്രപരിസരത്ത്  ഷൂട്ടിങ് നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയായിരുന്നു. ഹിന്ദു മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയ ശേഷമാണ് സിനിമയുടെ ചിത്രീകരണം ക്ഷേത്രപരിസരത്ത് ആരംഭിച്ചത്.
എന്നാല്‍  ചിത്രീകരണ സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ എത്തി സിനിമയുടെ കഥ പറയണമെന്ന് ആവശ്യപ്പെടുകയും കഥകേട്ടതോടെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

തുടര്‍ന്ന് ഷൂട്ടിങ് ഉപകരണങ്ങള്‍  നശിപ്പിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതാണ് തടഞ്ഞതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വാദം.

ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയെങ്കിലും ഷൂട്ടിങ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

Content Highlights: BJP workers disrupt film shooting at Palakkad