തിരുവനന്തപുരം: ക്രിസ്ത്യൻ ഔട്ട് റീച്ച് ശക്തിപ്പെടുത്താൻ പാർട്ടി ശ്രമിക്കുമ്പോൾ സഭാധ്യക്ഷന്മാരെ വിമർശിച്ച പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും എതിരേ ബി.ജെ.പി. പാർട്ടിയുമായി അടുപ്പമുള്ള സഭാധ്യക്ഷന്മാരെ വിമർശിച്ചത് ആരോടുചോദിച്ചിട്ടാണെന്ന് ഇരുവരേയും കോർകമ്മിറ്റി യോഗത്തിലിരുത്തി നേതാക്കൾ ചോദിച്ചു. സഭയെ വിമർശിക്കുന്നതിൽ പാർട്ടിക്ക്‌ ഒരു പങ്കുമില്ലെന്ന് പ്രഖ്യാപിക്കുന്ന നിലപാടാണ് യോഗത്തിൽ ബി.ജെ.പി. കൈക്കൊണ്ടത്.

To advertise here,

കെ. സുരേന്ദ്രൻ, എം.ടി. രമേശ് തുടങ്ങിയ നേതാക്കൾ കടുത്തവിമർശനമുയർത്തി. പ്രതീക്ഷിച്ചത്ര വോട്ടുകിട്ടില്ലെന്നു കരുതിയായിരുന്നു വോട്ടെടുപ്പിന്റെ പിറ്റേന്നടക്കം ഇരുവരും സഭയ്ക്കേതിരേ തിരിഞ്ഞത്. ഇതു തിരിച്ചടിയായെന്നായിരുന്നു വിമർശനം.

തദ്ദേശതിരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെങ്കിലും നിയമസഭയിലേക്കു തിരുവല്ലയിൽ മത്സരിച്ച അനൂപ് ആന്റണി രണ്ടാമതെത്തിയത് പാർട്ടി എടുത്തുകാട്ടി. ഈ സാഹചര്യത്തിൽ പി.സി.യുടെയും ഷോണിന്റെയും വിമർശനം ഒട്ടും ശരിയായില്ലെന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചത്.

ബി.ജെ.പി. എല്ലാവരുടേയും പാർട്ടിയാണെന്ന പൊതുബോധമുണ്ടാക്കാനാണ് ക്രിസ്ത്യൻ, മുസ്‌ലിം ഔട്ട്‌ റീച്ചുകൾക്ക് ശ്രമിച്ചത്. 15 സീറ്റുകളിൽ ജയിക്കാമായിരുന്നിട്ടും വേണ്ടത്ര ഏകോപനമുണ്ടായില്ല, വോട്ടുശതമാനം കുറഞ്ഞിട്ടും ഉയർന്ന വോട്ടുവിഹിതമെന്ന് തെറ്റായി പ്രചരിപ്പിച്ചു.

മലബാറിലെ ചില മണ്ഡലങ്ങളിൽ ചുമതലയുണ്ടായിരുന്നവർ വിമതന്മാരായെന്ന് നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല, നേമത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ലീഡ് നിലനിർത്താനായില്ല. ട്വന്റി 20-യ്ക്ക് കൂടുതൽ സീറ്റ് നൽകി തുടങ്ങിയ വിമർശനങ്ങളും ഉയർന്നു.

നേതാക്കൾ മണ്ഡലംവിട്ട് ഓടരുത്

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നുസീറ്റിലെ ജയത്തിൽ ദേശീയനേതൃത്വത്തിനു സന്തോഷമുണ്ടെന്ന് കോർകമ്മിറ്റി വിലയിരുത്തി. മുതിർന്ന നേതാക്കളടക്കമുള്ളവർ മത്സരശേഷം മണ്ഡലത്തിലേക്ക്‌ തിരിഞ്ഞുനോക്കാതിരിക്കുന്നത് ജയത്തെയോ വോട്ടുവിഹിതത്തെയോ ബാധിക്കുന്നതായി കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

അതേസമയം സ്ഥാനാർഥികളായിരുന്നവർ ചിലമണ്ഡലങ്ങളിൽ സ്ഥിരം സാന്നിധ്യമായത് ഏറെ ഗുണകരമായെന്നതിനു തെളിവാണ് കഴക്കൂട്ടത്ത് വി. മുരളീധരന്റെയും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറിന്റെയും ജയമെന്നും പരാമർശമുണ്ടായി.

ഒരു മണ്ഡലത്തിൽനിന്ന് മറ്റുമണ്ഡലങ്ങളിലേക്കുള്ള ചാടിക്കളി ഗുണംചെയ്യില്ലെന്ന് ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ഉദ്ദേശിച്ച് നേതാക്കൾ പറഞ്ഞു. ശോഭ യോഗത്തിനെത്തിയില്ല. നിയമസഭാ നേതാവ് ആരെന്നത് കമ്മിറ്റി ചർച്ചചെയ്തില്ല. ശനിയാഴ്ച സംസ്ഥാന ഭാരവാഹികളുടെ യോഗം നടക്കും.