കൊച്ചി: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് തിരിച്ചെത്തിയ ബിനീഷ് കോടിയേരി ഇനി മുഴുവന്‍ സമയ അഭിഭാഷകനായി പ്രവര്‍ത്തിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചു.

പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്, മുന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷിന്റെ പുതിയ വേഷമണിയുന്നത്. ഷോണും നിനുവും ബിനീഷിന്റെ സഹപാഠികളാണ്. രണ്ട്  വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാവുന്നതെന്ന് ബിനീഷ് പ്രതികരിച്ചു. 

2006ലാണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പെടുത്ത തീരുമാനമായിരുന്നു സജീവമായി അഭിഭാഷകവൃത്തിയിലെത്തുക എന്നത്. കോവിഡ് കാരണവും പിന്നെ മറ്റ് പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല.തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന മേഖല കൂടിയാണ് ഇത് എന്നാണ് കരുതുന്നതെന്നും ബിനീഷ് പറഞ്ഞു. 

ഒക്ടോബര്‍ 29നാണ് ഇ.ഡി തന്നെ അറസ്റ്റ് ചെയ്തത്. വിവരങ്ങള്‍ നല്‍കാനായി പോയപ്പോഴായിരുന്ന അറസ്റ്റ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആ സാഹചര്യങ്ങളെ വളരെ പക്വതയോടെയാണ് നേരിട്ടത്. ഇപ്പോള്‍ നേരിടുന്നത് പരീക്ഷണകാലഘട്ടമാണ്. ഒരുപാട് നുണക്കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോവുന്നത്. സത്യത്തിന്റെ ഒരു കൊടുങ്കാറ്റ് വീശും. അന്ന് ഈ നുണക്കൂമ്പാരങ്ങളെല്ലാം തകരുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ കേസിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ട്. താന്‍ തെറ്റാണോ ശരിയാണോ എന്നത് കോടതി തീരുമാനിക്കട്ടേയെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

 

Content Highlights : Bineesh Kodiyeri starts new career as advocate