തിരുവനന്തപുരം: ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെ ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സർക്കാർ. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും.
ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.
14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഇവർക്ക് പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാർശ എന്നായിരുന്നു ജയിൽ ഉപദേശകസമിതിയുടെ ശുപാർശ. എന്നാൽ, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് ഇവർക്ക് തിരിച്ചടിയായി.
ഇവർക്ക് കൂടുതൽകാലം പരോൾ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്നമുണ്ടാക്കിയതിന് ജയിൽ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു. ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി.
ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയൽ രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം നീളുമെന്ന് വന്നതോടെയാണ് പരോൾ നൽകി പുറത്തിറക്കാനുള്ള ഉന്നതതല സമ്മർദമുണ്ടായത്.
കാമുകനൊപ്പം ജീവിക്കാനായി ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവരെ വധിച്ചതിന് 2010-ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കാമുകൻ ബാസിത് അലിക്കും സമാനശിക്ഷ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഇയാളെ തുറന്ന ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെങ്കിലും മോചനപട്ടികയിൽ വന്നിട്ടില്ല.
കൊല്ലത്ത് കാമുകനൊപ്പംചേർന്ന് ഭർത്താവിനെ വിഷം നൽകി കൊന്ന കേസിൽ ബിനിത എന്ന തടവുകാരിയെ മോചിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഈ ശുപാർശയും ഗവർണറുടെ പരിഗണനയിലാണ്.
Content Highlights: bhaskara-karanavar-murder-sherin-Government grants parole
Published: 08 Apr 2025, 04:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented