എറണാകുളം: ബി.ജെ.പി വിട്ടവര്‍ സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍. സംവിധായകനായ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

To advertise here,

ബിജെപിയില്‍നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ എന്താണ് അതിന് കാരണമെന്ന് പരിശോധിക്കുമെന്നും പോരായ്മകളുണ്ടെങ്കില്‍ അക്കാര്യം വിലയിരുത്തുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  

ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. പാര്‍ട്ടി വിട്ടവര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വളരെ ശാന്തതയോടും സമചിത്തതയോടുംകൂടി വിലയിരുത്തി, പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ കലാകാരന്‍മാര്‍ക്ക്‌ മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പാര്‍ട്ടിവിട്ട രാജസേനന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാധാകൃഷ്ണൻ.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്തതിനേയും രാധാകൃഷ്ണന്‍ വിമര്‍ശിച്ചു. 14 ദിവസമായി ഒളിവില്‍ കഴിയുന്ന കെ. വിദ്യയെ പിടികൂടാന്‍ കഴിയാത്ത പിണറായിക്ക് മറ്റെന്തെങ്കിലും പണിക്ക് പോയ്ക്കൂടേയെന്നും കേരളത്തിലെ പോലീസ് സംവിധാനം പിരിച്ചുവിട്ടുകൂടേയെന്നും അദ്ദേഹം ചോദിച്ചു.