തിരുവനന്തപുരം: പിഎംശ്രീ വിഷയവുമായി ബന്ധപ്പെട്ട സമരത്തിൽ വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എഐവൈഎഫ്. സമരങ്ങളിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.പി. ജിസ്മോൻ പറഞ്ഞു.

To advertise here,

എഐവൈഎഫിന്റെ പ്രതിഷേധങ്ങൾ എതെങ്കിലും തരത്തിൽ മന്ത്രിക്ക് നേദനയായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു. ആശയപരമായിട്ടുള്ള സമരമാണ് എഐവൈഎഫ് നടത്തിയത്. ഏകപക്ഷീയമായി കരാറിൽ ഒപ്പിട്ടത് തങ്ങൾക്കും വേദനയുണ്ടാക്കിയെന്ന് ടിടി ജിസ്മോൻ വാർത്താ കുറിപ്പിൽ പറയുന്നു.

സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇത് ആശയപരമായിട്ടുള്ള കാര്യമാണെന്നും എംഎ ബേബിയെ നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെ. പ്രകാശ് ബാബു പറഞ്ഞു.

പിഎംശ്രീ വിഷയത്തില്‍ എഐഎസ്എഫ്-എഐവൈഎഫ് പ്രതിഷേധം അതിരുകടന്നുവെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. മന്ത്രി ജി.ആര്‍. അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നമാണ്. ഇതില്‍ ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും തന്റെ കോലം കത്തിച്ചത് ശരിയായില്ല' മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഖേദപ്രകടനവുമായി എഐവൈഎഫ് രംഗത്തെത്തിയത്.