തിരുവനന്തപുരം: കോവളത്ത് കടലിൽ ശക്തമായ തിരത്തളളൽ. കടലിലെ അടിയൊഴുക്കും വർധിച്ചിരിക്കുന്നതിനാൽ കുളിക്കാനിറങ്ങുന്ന വിനോദ സഞ്ചാരികൾ തിരയിൽപ്പെട്ട് മുങ്ങിത്താഴുന്ന അപകടങ്ങളും കൂടുന്നു. വ്യാഴാഴ്ച  ഉച്ചയോടെ ലൈറ്റ് ഹൗസ് ബീച്ചിനു സമീപം കുളിക്കുകയായിരുന്ന റഷ്യൻ വനിത സെഫീത(74) അടിയൊഴുക്കിൽപ്പെട്ട് മുങ്ങിതാഴ്ന്നു. ലൈഫ്ഗാർഡുകളുടെ സമയോചിത ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി. സൂപ്പർ വൈസർ സുന്ദരേശന്റെ നേതൃത്വത്തിൽ ലൈഫ്ഗാർഡുകളായ ബാബുജി, ബിജുകുമാർ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

To advertise here,

ബുധനാഴ്ച രാവിലെയും വൈകിട്ടുമായി കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളായ രണ്ടു വനിതകളും അടിയൊഴുക്കിൽപ്പെട്ട് നീന്താനാകാതെ കുഴഞ്ഞ് മുങ്ങിത്താണുപോയിരുന്നു. ലൈഫ്ഗാർഡുകൾ മുങ്ങിതാഴ്ന്നവരെ രക്ഷപ്പെടുത്തി. കടലിലിറങ്ങുന്നവരോട് തിരികെ കയറാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് ലൈഫ്ഗാർഡുകൾ പറഞ്ഞു.

ലൈറ്റ് ഹൗസ് ബീച്ചിൽ മാത്രം ഒരു വർഷത്തിനിടെ അപകടത്തിൽപ്പെട്ടത് 60 പേർ

കഴിഞ്ഞ ഒരുവർഷത്തിനിടെ കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചിൽ മാത്രം കുളിക്കുന്നതിനിടെ തിരയിൽപ്പട്ടും അടിയൊഴുക്കിൽപ്പെട്ടും അപകടത്തിലായത് ഏകദേശം 60 പേരാണെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. ഇക്കുറി സീസണിനോടനുബന്ധിച്ച് എത്തുന്ന ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും കൂടുതലാണ്. നീന്തൽ അറിയുന്നവരെക്കാൾ അറിയാത്തവരും കുളിക്കാൻ ഇറങ്ങാറുണ്ട്. സ്വാഭാവികമായി കോവളത്തെ കടൽശാന്തമാണെങ്കിലും കാലാവസ്ഥ വ്യതിയാനെത്ത തുടർന്ന് ശക്തമായ തിര രൂപം കൊളളുകയും അനുബന്ധമായി  അടിയൊഴുക്ക് കൂടുകയും ചെയ്യാറുണ്ട്. ഇതറിയാതെ കടലിൽ കുളിക്കാനിറങ്ങുന്നവർ കൂടുതൽ മുന്നോട്ട് പോകുന്നതും അപകടത്തിനിടയാക്കാറുണ്ട്. നീന്തൽ അറിയുന്നവരാണ് മിക്കപ്പോഴും മുങ്ങിപ്പോകുന്നത്. ശക്തമായ തിരയെ മുറിച്ച് നീന്തുന്ന അവസരത്തിൽ അടിയൊഴുക്കിൽപ്പെട്ട് കുഴയുന്നതോടൊണ് മുങ്ങിത്താഴുന്നത്. ഇക്കാര്യം അറിയിച്ചാലും കാര്യമാക്കാതെ കുളിക്കാൻ ഇറങ്ങുന്നുണ്ടെന്നും ഇത് അപകടം കുട്ടുമെന്നും ലൈഫ് ഗാർഡുകൾ പറഞ്ഞു.