ഈരാറ്റുപേട്ട (കോട്ടയം): ആറ്റുകടവില്‍ ബാഗ് ഉപേക്ഷിച്ച് പോകുമ്പോള്‍ ഇങ്ങനെയൊരു പൊല്ലാപ്പ് ഉണ്ടാകുമെന്ന് കള്ളന്‍ വിചാരിച്ചുകാണില്ല. ഒരു പകല്‍ നാട്ടുകാരെ ആ ബാഗ് ആധിയിലാക്കി. ആരോ ആറ്റില്‍ പോയെന്ന ധാരണയില്‍ തിരച്ചിലും നടന്നു. ബാഗിലെ നമ്പരിലേക്കുള്ള വിളി പക്ഷേ, ഉടമയ്ക്ക് ഗുണമായി. അദ്ദേഹത്തിന് നഷ്ടമായ ബാഗ് മടക്കിക്കിട്ടി. 

To advertise here,

തിടനാട് പഞ്ചായത്തിലെ കൊണ്ടൂര്‍ കാവുംകടവിലാണ് ചൊവ്വാഴ്ച ഒന്‍പത് മണിയോടെ ബാഗ് കണ്ടെത്തിയത്. ആരോ കുളിക്കാനിറങ്ങി ആറ്റില്‍ മുങ്ങിപ്പോയെന്ന സംശയത്തില്‍ സന്നദ്ധ സംഘടനയായ ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം ആറ്റില്‍ മുങ്ങിത്തപ്പി. പിന്നീട് ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയ നമ്പരില്‍ വിളിച്ചു. ബാഗിന്റെ ഉടമയായ അന്യ സംസ്ഥാന തൊഴിലാളി ഫോണ്‍ എടുത്തു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ശ്വാസം നേരേ വീണത്. കടുവാമൂഴിയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന അസം സ്വദേശിയുടേതായിരുന്നു ബാഗ്. താമസിക്കുന്ന മുറിയില്‍നിന്ന് ബാഗ് മോഷണം പോയ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. ബാഗില്‍ ഇയാളുടെ വസ്ത്രങ്ങളും വാച്ചുമാണ് ഉണ്ടായിരുന്നത്.