വാഷിങ്ടണ്‍: 2025-26 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തിലേക്ക് ഉയര്‍ത്തി ലോകബാങ്ക്. മുന്‍പുണ്ടായിരുന്ന 6.3-ല്‍നിന്ന് 6.5-ലേക്കാണ് ഉയര്‍ത്തിയത്. മെച്ചപ്പെട്ട ആഭ്യന്തര സാഹചര്യങ്ങളും ജിഎസ്ടി നിരക്കിലെ കുറവും ചൂണ്ടിക്കാട്ടിയാണ് ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ യുഎസ് താരിഫുകള്‍ വളര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ 2026-27 വര്‍ഷത്തില്‍ വളര്‍ച്ച 6.3 ശതമാനമായി കുറയുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.

To advertise here,

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.8 ശതമാനമായി ഉയര്‍ന്ന് പ്രതീക്ഷകളെ മറികടന്നതായും ലോകബാങ്ക് വ്യക്തമാക്കി. ചൊവ്വാഴ്ച പുറത്തിറക്കിയ സൗത്ത് ഏഷ്യ ഡെവലപ്‌മെന്റ് അപ്‌ഡേറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ശക്തമായ സ്വകാര്യ ഉപഭോഗവും നിക്ഷേപവും വളര്‍ച്ചയ്ക്ക് കരുത്തേകിയെന്നും പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലകള്‍ ഇതിന് ഉത്തേജനം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ഷിക ഉത്പാദനവും ഗ്രാമീണ വേതന വളര്‍ച്ചയും പ്രതീക്ഷിച്ചതിലും കൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേട്ടങ്ങള്‍ക്കു പിന്നില്‍ ജിഎസ്ടിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍, നടപടിക്രമങ്ങളുടെ ലഘൂകരണം എന്നിവയ്ക്കുള്ള പങ്കും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. എന്നാല്‍, യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം മുക്കാല്‍ പങ്കിനും 50 ശതമാനം താരിഫ് ചുമത്തിയത് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ തിരിച്ചടിയാകും. 6.5 എന്നത് 6.3 ആയി വീണ്ടും കുറയുമെന്നാണ് പ്രവചനം.