ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനുനേരെ അതിക്രമം. ഡല്‍ഹിയിലെ എയിംസ് ആശുപത്രിക്കു പരിസരത്തുവെച്ചായിരുന്നു അതിക്രമം. മദ്യപിച്ചിരുന്ന അക്രമി സ്വാതിയുടെ കൈ കാറില്‍ കുരുക്കി റോഡിലൂടെ 15 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. സംഭവത്തില്‍ നാല്‍പ്പത്തേഴുകാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു.
തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള പരിശോധനയുടെ ഭാഗമായി വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് എയിംസ് ആശുപത്രിക്കു സമീപത്തെ നടപ്പാതയില്‍ നില്‍ക്കുകയായിരുന്നു സ്വാതി. അവിടെയെത്തിയ ഒരു ബലേനോ കാറിന്റെ ഡ്രൈവര്‍ ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞു. എന്നാല്‍ സ്വാതി ഇത് നിരസിച്ചു. ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ സ്വാതിയുടെ കൈ വിന്‍ഡോയില്‍ കുരുക്കി കാര്‍ ഓടിച്ചു. 15 മീറ്ററോളം ഇങ്ങനെ വലിച്ചിഴച്ചതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്ന് സ്വാതി പോലീസിനോട് പറഞ്ഞു.
സ്വാതിക്കൊപ്പം കൂടുതല്‍ പേര്‍ പരിശോധനയ്ക്കായി റോഡിലുണ്ടായിരുന്നെങ്കിലും അതിക്രമം നടക്കുമ്പോള്‍ ഇവര്‍ അല്‍പം അകലെയായിരുന്നു. ഡല്‍ഹിയിലെ വനിതാ കമ്മിഷന്‍ അധ്യക്ഷ വരെ സുരക്ഷിതമല്ലെങ്കില്‍പ്പിന്നെ ബാക്കി സ്ഥിതി സങ്കല്‍പ്പിക്കാമെന്ന് തുടര്‍ന്ന് അവര്‍ ട്വീറ്റ് ചെയ്തു.
Content Highlights: violence against women commission chairperson during women safety inspection in delhi
Published: 19 Jan 2023, 04:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented