ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾക്കാണ് തുടക്കമായിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകൾ മാത്രം കുറവുള്ള വിജയ്നെ പിന്തുണയ്ക്കാൻ പഴയ ശത്രുക്കളായ കോൺഗ്രസും എഐഎഡിഎംകെയും ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ തയ്യറായിരിക്കുകയാണ്. ഈ രാഷ്ട്രീയ നീക്കങ്ങൾ വെറുമൊരു സർക്കാർ രൂപീകരണം മാത്രമല്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു തരംഗത്തിൽ രാഷ്ട്രീയമായി മുങ്ങിപ്പോകാതിരിക്കാനുള്ള നിലനിൽപ്പിനായുള്ള പരക്കംപാച്ചിൽ കൂടിയാണെന്നാണ് വിലയിരുത്തൽ.
പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസ് ഇപ്പോൾ വിജയ്ക്കൊപ്പം ചേരുന്നത്. 1967-ന് ശേഷം തമിഴ് മണ്ണിൽ ഭരണം നഷ്ടപ്പെട്ട കോൺഗ്രസിന്, വിജയ്യുമായുള്ള സഖ്യം രാഷ്ട്രീയമായ ഒരു തിരിച്ചുവരവിനുള്ള സുവർണ്ണാവസരമായാണ് വിലയിരുത്തപ്പെടുന്നത്. ഡിഎംകെയുടെ തണലിൽ വെറുമൊരു ജൂനിയർ പാർട്ണറായി കഴിഞ്ഞിരുന്ന കോൺഗ്രസ്, ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി മാറാനും തമിഴ്നാട്ടിലെ മൂന്നാം മുന്നണിയായി ഉയർന്നു വരാനുമുള്ള ശ്രമത്തിലാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകുടെ വിലയിരുത്തൽ.
സർക്കാർ രൂപീകരണത്തിൽ കാലതാമസം നേരിടുകയും വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരികയും ചെയ്താൽ വിജയ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന ഭയമാണ് മിക്ക പാർട്ടികളെയും ടിവികെയെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ തമിഴ്നാട് രാഷ്ട്രീയത്തിൽ മറ്റ് പാർട്ടികൾക്ക് സ്ഥാനമില്ലാതാകുമെന്ന വലിയ ആശങ്കയാണ് ഈ പിന്തുണാ മത്സരത്തിന് പിന്നിലെ പ്രധാന കാരണം. അധികാരത്തിൽ പങ്കാളികളായി തുടരുന്നതിലൂടെ അടുത്ത അഞ്ച് വർഷമെങ്കിലും തങ്ങളുടെ പ്രസക്തി നിലനിർത്താനാണ് പ്രാദേശിക പാർട്ടികളും ഇപ്പോൾ ശ്രമിക്കുന്നത്.
വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറാണ് കോൺഗ്രസിനെ ആദ്യം സഖ്യത്തിലേക്ക് ക്ഷണിച്ചത്. കോൺഗ്രസിന്റെ നഷ്ടപ്പെട്ട രാഷ്ട്രീയ പ്രതാപം വീണ്ടെടുക്കാൻ വിജയിക്ക് സാധിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ആദ്യഘട്ടത്തിൽ കോൺഗ്രസ് മടിച്ചുനിന്നെങ്കിലും, ഡിഎംകെ വിട്ട് താരതമ്യേന പുതിയൊരു രാഷ്ട്രീയ പാർട്ടിക്ക് പിന്നിൽ നിൽക്കുന്നതിലെ ലാഭനഷ്ടങ്ങൾ അവർ വിശദമായി പരിശോധിച്ചു.
ഡൽഹിയിൽ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് വിജയ്യെ പിന്തുണയ്ക്കാൻ അന്തിമ തീരുമാനമെടുത്തത്. തമിഴ്നാട്ടിലെ തങ്ങളുടെ അഞ്ച് എംഎൽഎമാരോട് സാഹചര്യം വിലയിരുത്തി പിന്തുണ നൽകാൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. ഇതിനൊപ്പം വിസികെ, സിപിഐ, സിപിഎം തുടങ്ങിയ സഖ്യകക്ഷികളെയും വിജയിന്റെ പാളയത്തിൽ എത്തിക്കുന്നതോടെ 118 എന്ന ഭൂരിപക്ഷ മാന്ത്രിക സംഖ്യ ടിവികെക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കും.
ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയും വിജയ്യെ പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. 2021-ൽ ഭരണം നഷ്ടപ്പെട്ട എഐഎഡിഎംകെ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പത്ത് വർഷം തുടർച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടി വന്നാൽ പാർട്ടി സംവിധാനം തകരുമെന്ന പേടിയാണ് എടപ്പാടി പളനിസ്വാമിയെ ടിവികെയുടെ പടിക്കലെത്തിച്ചത്. ചില എഐഎഡിഎംകെ എംഎൽഎമാർ പാർട്ടി പിളർത്തിപ്പോലും വിജയ്നെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2013-ൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ (എഎപി) വളർച്ചയുമായി ഈ സാഹചര്യത്തെ രാഷ്ട്രീയ നിരീക്ഷകർ താരതമ്യം ചെയ്യുന്നു. അന്ന് കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിച്ച കെജ്രിവാൾ, പിൽക്കാലത്ത് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും കോൺഗ്രസിനെ ഡൽഹിയിൽ അപ്രസക്തമാക്കുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലും അത്തരമൊരു 'ഡൽഹി മോഡൽ' ആവർത്തിക്കാതിരിക്കാനാണ് ഭരണത്തിന്റെ ഭാഗമായി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ പാർട്ടികൾ നീക്കം നടത്തുന്നത്.
Content Highlights: Discover why Congress, AIADMK, and regional parties are scrambling to support Vijay's TVK after the 2026 Tamil Nadu election results.
Published: 06 May 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented