ന്യൂഡൽഹി: ശബരിമല ഉൾപ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന് ഉത്തരം നൽകേണ്ടത് ഏഴു നിയമപ്രശ്നങ്ങൾക്ക്. ശബരിമലയ്ക്കു പുറമേ മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, ദാവൂദി ബോറ പെൺകുട്ടികളുടെ ചേലാകർമം തുടങ്ങിയ കേസുകളിലും ഉരുത്തിരിഞ്ഞുവന്ന വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണമായ നിയമപ്രശ്നങ്ങളാണ് ഒൻപതംഗ ബെഞ്ച് പരിശോധിക്കുന്നത്. ശബരിമല വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചപ്പോഴാണ് മറ്റു കേസുകളിലേയും പൊതുവായ പ്രശ്നങ്ങൾ ഒന്നിച്ച് പരിഗണിക്കാൻ തീരുമാനിച്ചത്.
പരിഗണനാ വിഷയങ്ങൾ:
1. ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിനു കീഴിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ സാധ്യതയും പരിധിയും എന്താണ്?
2. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള വ്യക്തികളുടെ അവകാശത്തിനും 26-ാം അനുച്ഛേദപ്രകാരം പ്രത്യേക വിശ്വാസിസമൂഹത്തിന്റെ അവകാശത്തിനും ഇടയിലുള്ള പരസ്പരബന്ധമെന്താണ്?
3. ഭരണഘടനയുടെ 26-ാം അനുച്ഛേദപ്രകാരം വിശ്വാസിസമൂഹത്തിന്റെ അവകാശങ്ങൾ പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവയ്ക്കു പുറമേ ഭരണഘടനയുടെ മൂന്നാം പാർട്ടിലെ മറ്റു വകുപ്പുകൾക്ക് വിധേയമാണോ?
4. ഭരണഘടനയിലെ 25, 26 അനുച്ഛേദത്തിന് കീഴിലെ ധാർമികത എന്ന വാക്കിന്റെ സാധ്യതയും പരിധിയും എന്താണ്? അതിൽ ഭരണഘടനാ ധാർമികതയും ഉൾപ്പെടുമോ?
5. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകരമുള്ള മതാചാരങ്ങൾ കോടതിക്ക് എത്രത്തോളം പരിശോധിക്കാം?
6. ഭരണഘടനയുടെ 25(2)(ബി)യിൽ പറയുന്ന ‘ഹിന്ദുക്കളിലെ വിഭാഗങ്ങൾ’ എന്നതിന്റെ അർഥമെന്താണ്?
7. വിശ്വാസിസമൂഹത്തിന്റെ മതാചാരങ്ങൾ അതിന് പുറത്തുള്ളവർ പൊതുതാത്പര്യ ഹർജിയിലൂടെ ചോദ്യംചെയ്യുന്നത് എത്രത്തോളം അംഗീകരിക്കാം?
മറ്റുകേസുകളുടെ അവസ്ഥ:
1. അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്ന വിഷയം 2017 ഡിസംബർ 14-നാണ് അഞ്ചംഗബെഞ്ച് അവസാനമായി പരിഗണിച്ചത്. പിന്നീട് 2018 ജനുവരി ഒന്നിന് വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.
2. ഷിയാ മുസ്‌ലിങ്ങളിലെ ദാവൂദി ബോറ സമുദായത്തിലെ ചേലാകർമം നിരോധിക്കണമെന്ന കേസ് 2018 സെപ്റ്റംബർ 24-നാണ് അവസാനമായി പരിഗണിച്ചത്. ഈ കേസ് ഭരണഘടനാ ബെഞ്ചിന് വിടാൻ അന്ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ, ബെഞ്ചുണ്ടാക്കിയിട്ടില്ല.
3. മുസ്‌ലിം സ്ത്രീകൾക്ക് പള്ളികളിലും ദർഗകളിലും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് 2019 നവംബർ അഞ്ചിനാണ് അവസാനമായി പരിഗണിച്ചത്. ഇക്കാര്യത്തിൽ മറുപടിനൽകാൻ എതിർകക്ഷികൾക്ക് നിർദേശവും നൽകി. എന്നാൽ, അതിനുപിന്നാലെയാണ് ശബരിമല വിധി പുനഃപരിശോധിക്കാൻ തീരുമാനമുണ്ടായത്.
Content Highlights: India`s Supreme Court`s 9-judge bench will examine complex religious freedom issues in Sabarimala, mosque entry for women, and FGM cases, considering 7 crucial legal questions.
Published: 17 Feb 2026, 07:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented