
ന്യൂഡല്‍ഹി: ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സംസ്ഥാന ധനകാര്യ വകുപ്പിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്കും ആണ് നോട്ടീസ്. സി.പി.ഐ. ആഭിമുഖ്യമുള്ള ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അഭയ് എസ്.കെ., രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
2013 ഏപ്രില്‍ ഒന്ന് മുതലാണ് സംസ്ഥാനത്ത് പുതിയ പെന്‍ഷന്‍ സ്‌കീം അഥവാ പങ്കാളിത്ത പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കിയത്. ഈ പെന്‍ഷന്‍ സ്‌കീമിന് എതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പുനഃപരിശോധനക്ക് മൂന്നംഗ സമിതിക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ രൂപം നല്‍കി. 2021 ഏപ്രില്‍ 30-ന് സമിതി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമ പ്രകാരം ജോയിന്റ് കൗൺസിലിന്റെ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ തേടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് കൈമാറാന്‍ തയ്യാറായില്ല.
ഇതിനെതിരെ വിവരാവകാശ കമ്മീഷണര്‍ക്ക് ജോയിന്റ് കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ രേഖകളുടെ പരിധിയില്‍ വരുന്നതാണ് റിപ്പോര്‍ട്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് ജയചന്ദ്രന്‍ കല്ലിങ്കല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പൊതുഖജനാവിലെ പണം ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊതുരേഖയാണെന്ന വാദമാണ് ജോയിന്റ് കൗണ്‍സിലിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ മുന്നോട്ടുവെച്ചത്. കൗണ്‍സിലിന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സാദിഖ്, ആലിം അന്‍വര്‍ എന്നിവരും ഹാജരായി.
Content Highlights: Supreme Court notice to Govt on Joint Counsel's plea On contributory pension
Published: 04 May 2023, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented