
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിച്ച ചില സംഭവങ്ങളുണ്ടെന്നുകരുതി ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ഇതിനായി സമയക്രമം നിശ്ചയിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഈ വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.
പൊതുവായ സമയക്രമം നിശ്ചയിക്കുന്നത് ഭരണഘടനയെ ഭേദഗതിചെയ്യലായി മാറുമെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
ബില്ലിന് അനുമതി നല്‍കുന്നില്ലെങ്കില്‍ 'എത്രയും വേഗം' നിയമസഭയ്ക്ക് തിരിച്ചയക്കണമെന്ന് പറയുന്നതല്ലാതെ, ഭരണഘടനയിലും സമയക്രമം നിര്‍ദേശിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞുവെക്കുന്നത് പതിവാകുന്നതിനാല്‍ സമയക്രമം അനിവാര്യമാണെന്ന് തമിഴ്നാടിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്വി വാദിച്ചു. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അധികാരം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകുമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
എംഎല്‍എമാരുടെ അയോഗ്യതാവിഷയത്തില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്തിടെ തെലങ്കാന സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്ന് സിംഘ്വി ചൂണ്ടിക്കാട്ടി. അത് ആ കേസില്‍മാത്രമായുള്ള നിര്‍ദേശമാണെന്നും എല്ലാ സ്പീക്കര്‍മാര്‍ക്കും പൊതുവായി സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഗവര്‍ണറോ രാഷ്ട്രപതിയോ സമയക്രമം പാലിച്ചില്ലെങ്കില്‍ അവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാകുമോയെന്ന് കോടതി ചോദിച്ചപ്പോള്‍, അത്തരം സാഹചര്യങ്ങളില്‍ ബില്ലുകള്‍ക്ക് കല്പിത അനുമതി നല്‍കുകയാണ് പോംവഴിയെന്ന് സിംഘ്വി പറഞ്ഞു.
Content Highlights: Supreme Court on Time Limit on Governor Bill Approvals
Published: 03 Sept 2025, 06:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented