ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയെ ആർ.എസ്.എസ്. അഖിലഭാരത പ്രാന്തപ്രചാരക് സമ്മേളനം അപലപിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ നടക്കില്ലെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഉറപ്പാക്കണമെന്നും ബെളഗാവിയിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ഉത്തർപ്രദേശ് പോലീസിലും പ്രത്യേക അന്വേഷണ സംഘത്തിലും പൂർണവിശ്വാസം പ്രകടിപ്പിച്ചു.
‘‘സംഭാവനക്കൊള്ള വിഷയം വിശദമായി ചർച്ചചെയ്തു. സംഭവത്തിൽ പ്രതിനിധികൾ അതീവദുഃഖം രേഖപ്പെടുത്തി. ഭക്തരെ മുറിപ്പെടുത്തുന്ന ഇത്തരം ക്രമക്കേടുകൾ ഭാവിയിൽ നടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു’’ -ആശയവിനിമയ വിഭാഗം ദേശീയ കൺവീനർ സുനിൽ അംബേദ്കർ അറിയിച്ചു. മൂന്നുദിവസമായിനടന്ന സമ്മേളനത്തിൽ ആർ.എസ്.എസിന്റെ ഭാഗമായ 42 സംഘടനകളുടെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഭാരവാഹികളടക്കമുള്ള പ്രതിനിധികൾ പങ്കെടുത്തു. പരിശീലനപരിപാടിയിൽ 18,842 പേരുണ്ടായിരുന്നു.
സെൻസസ് അടക്കം രാജ്യത്തെ സമകാലിക സ്ഥിതിഗതികൾ ചർച്ച ചെയ്തു. വിവിധ മതവിഭാഗങ്ങളുടെ എണ്ണത്തിൽ വരുന്ന വ്യത്യാസത്തിലും ജനസംഖ്യയിലെ അസന്തുലിതാവസ്ഥയിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ഗ്രാമീണവികസനം, കുടുംബക്ഷേമം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും ചർച്ചനടന്നു. ശക്തമായ ലഹരിവിമുക്ത പ്രവർത്തനം ആവശ്യമാണെന്ന് വിലയിരുത്തി.
ആർ.എസ്.എസ്. ശതാബ്ദി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി. ശാഖകളുടെ എണ്ണം വർധിപ്പിക്കും. ഇതിനായി സെപ്റ്റംബറിൽ പ്രത്യേത കർമപദ്ധതി നടപ്പാക്കും. ഒക്ടോബറിലായിരിക്കും ശതാബ്ദി ആഘോഷങ്ങളുടെ സമാപനം. സർസംഘചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ തുടങ്ങി മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: RSS condemns irregularities in Ayodhya Ram temple donations., Confidence expressed in UP Police investigation., Discussions held on national census and population imbalance., Strategic planning for RSS centenary celebrations in October., Focus on expanding branch networks and anti-drug campaigns.
Published: 13 Jul 2026, 07:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented