Image Credit :Twitter
ന്യൂഡല്‍ഹി :'ഐ ലവ് യു കെജ്‌രിവാള്‍' എന്ന് ഓട്ടോയില്‍ എഴുതിയ ഡ്രൈവര്‍ക്ക് 10,000 രൂപ ചെലാന്‍ പിഴ ചുമത്തിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാരിനോടും പോലീസിനോടും ഇലക്ഷന്‍ കമ്മിഷനോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. പിഴ ചുമത്തിയ നടപടി രാഷ്ട്രീയ പേരിതമാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവറാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്തിനാണ് പിഴ ചുമത്തിയതെന്ന് അന്വേഷിക്കുന്നതിനായി സമയം അനുവദിക്കണമെന്ന് സര്‍ക്കാരും പോലീസും കോടതിയെ അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ പിഴ ചുമത്തിയതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.
എന്നാല്‍ ഇലക്ഷന്‍ കമ്മിഷന്റെ വാദത്തെ ഓട്ടോ ഡ്രൈവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. 'ഒന്നാമതായി ഇതൊരു രാഷ്ട്രീയ പരസ്യമല്ല, ഇനി അഥവാ അങ്ങനെയാണെങ്കില്‍ തന്നെ പെറ്റീഷണറുടെ സ്വന്തം ചെലവിലാണ് സന്ദേശം എഴുതിയത് അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചെലവിലല്ല.'
ഒരു വ്യക്തി സ്വന്തം പണം ചെലഴിച്ച് പരസ്യം ചെയ്യുന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഓട്ടോയുള്‍പ്പടെയുളള പൊതുഗതാഗതത്തിന്റെ വശങ്ങളിലും പിറകുവശത്തും രാഷ്ട്രീയ പരസ്യങ്ങള്‍ പതിക്കാമെന്ന് 2018-ല്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വാദം കേള്‍ക്കുന്ന മാര്‍ച്ച് മൂന്നിന് ഇതുസംബന്ധിച്ച വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
'ഐ ലവ് യു കെജ്‌രിവാള്‍, സിര്‍ഫ് കെജ്‌രിവാള്‍' (ഞാന്‍ കെജ്‌രിവാളിനെ സ്‌നേഹിക്കുന്നു, കെജ്‌രിവാളിനെ മാത്രം)എന്നാണ് ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ എഴുതിയിരുന്നത്.
Content Highlights: Rs.10,000 issued to an auto driver for displaying 'I love you Kejriwal' message
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..