ഹൈദരാബാദ്: തെലങ്കാനയില്‍ കോഴിപ്പോരിനിടെ 45-കാരന്‍ മരിച്ച സംഭവത്തില്‍ കോഴിയും പരിപാടിയുടെ സംഘാടകനും പോലീസ് കസ്റ്റഡിയില്‍. ജഗ്തിയല്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തില്‍ ഫെബ്രുവരി 22 നാണ് വിചിത്രമായ സംഭവമുണ്ടായത്. 

കോഴിയുടെ കാലില്‍ കെട്ടിയ കത്തി അബദ്ധത്തില്‍ ഞെരമ്പില്‍തട്ടി മുറിവേറ്റ് തനുഗുള്ള സതീഷ് എന്നയാളാണ് മരിച്ചത്. മത്സരത്തിനായി എത്തിച്ച കോഴിയെ താഴേക്ക് വിടുമ്പോഴാണ് സതീഷിന് മുറിവേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോഴിപ്പോരിന് തെലങ്കാനയില്‍ നിരോധനമുണ്ട്. അനധികൃതമായാണ് മത്സരം സംഘടിപ്പിച്ചത്. അന്വേഷണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കോഴി നിലവില്‍ ഗൊല്ലപ്പളി പോലീസ് സ്‌റ്റേഷനിലാണുള്ളത്. സ്‌റ്റേഷനുള്ളില്‍ കയറില്‍ കെട്ടിയിട്ട കോഴിക്ക് ആവശ്യമായ ഭക്ഷണവും മറ്റും പോലീസുകാര്‍ നല്‍കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

അതേസമയം കോഴിയെ അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പോലീസ് നിഷേധിച്ചു. കോഴിയെ അറസ്റ്റ് ചെയ്യുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്തിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം ജഡ്ജിയുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗൊല്ലപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ വ്യക്തമാക്കി.

content highlights: Rooster under police custody after knife tied to its leg cut into man's groins during cockfight in Telangana