ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം അറിയിച്ചു.

To advertise here,

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. നേരത്തെ രണ്ടുതവണ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സർക്കാർ സമയം ആവശ്യപ്പെട്ടിരുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ ഏത് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്ന് പറയാനാകില്ലെന്നാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്. എന്നാല്‍, വിഷയം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം  സ്വീകാര്യമല്ലെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യം സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിലൂടെ പൊതുചര്‍ച്ചയാക്കി മാറ്റാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ വ്യക്തിപരമായ വിവരം എന്തെങ്കിലും ചോര്‍ത്തപ്പെട്ടോ എന്ന ഏതൊരു വ്യക്തിയുടേയും ആശങ്ക പരിഹരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കേന്ദ്രം വ്യക്തമാക്കി.

നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഇപ്പോഴത്തെ നിയമസംവിധാനത്തില്‍ പ്രായോഗികമായി നടന്നിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍ നിയമപരമായ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന് മുന്‍പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. പെഗാസസ് വിഷയം സമിതി അന്വേഷിക്കട്ടേയെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രം, പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രം വ്യക്തത വരുത്തിയിട്ടില്ല.

Content Highlights: not willing to file an affidavit on usage of Pegasus regarding phone tapping says central Government