
ന്യൂഡൽഹി: പണം അടയ്ക്കാത്തതിനാൽ സാങ്കേതിക സർവ്വകലാശാലയിലെ ഇന്റർനെറ്റ് കണക്ഷൻ ഉടൻ വിച്ഛേദിക്കപ്പെടുമെന്ന് താത്കാലിക വൈസ് ചാൻസലർ കെ ശിവപ്രസാദ് സുപ്രീം കോടതിയെ അറിയിച്ചു. സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ ബജറ്റ് പാസാക്കാനാകുന്നില്ലെന്നും അതിനാൽ ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങുമെന്നും ശിവപ്രസാദിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. സർവ്വകലാശാല ഭരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന അടിയൊഴുക്കുകളും മേലൊഴുക്കുകളും തങ്ങൾക്ക് അറിയാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് സർക്കാർ പ്രതിനിധികളെ അയക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് താത്കാലിക വൈസ് ചാൻസലർ സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ യോഗം ചേരുന്നതിനുള്ള ക്വാറം തികയുന്നില്ല. സിൻഡിക്കേറ്റ് യോഗം ചേരാത്തതിനാൽ ബജറ്റ് പാസാകുന്നില്ല. അതിനാൽ സർവ്വകലാശാലയുടെ പക്കൽ പണമില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയാണെന്നും ശിവപ്രസാദിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകരായ പി.എൻ. രവീന്ദ്രൻ, ജോർജ് പൂന്തോട്ടം, അഭിഭാഷകൻ പി.എസ്. സുധീർ എന്നിവർ ചൂണ്ടിക്കാട്ടി. പണം നൽകാത്തതിനാൽ സാങ്കേതിക സർവ്വകലാശാലയിലെ ഇന്റർനെറ്റ് കണക്ഷൻ ഉടൻ വിച്ഛേദിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഭരണസ്തംഭനം ഉണ്ടാകരുതെന്ന് തൊഴുകൈയോടെ വീണ്ടും അഭ്യർത്ഥിക്കുന്നു- സുപ്രീം കോടതി
സാങ്കേതിക സർവ്വകലാശാലയിൽ ഭരണസ്തംഭനം ഉണ്ടാകരുതെന്ന് തൊഴുകൈയോടെ വീണ്ടും അഭ്യർത്ഥിക്കുന്നുവെന്ന് ഹർജി പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയ ജെ.ബി. പർഡിവാല പറഞ്ഞു. താത്കാലിക വൈസ് ചാൻസലറും, സർക്കാരും തമ്മിലുള്ള തർക്കം കാരണം ജീവനക്കാർ ബുദ്ധിമുട്ടരുത്. സർക്കാരിനും, താത്കാലിക വൈസ് ചാൻസലർക്കും പ്രശ്നം പരിഹരിക്കുന്നതിന് തലയിൽ നല്ലൊരു വൈഫൈ കണക്ഷൻ ആണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. സർവ്വകലാശാല ഭരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന അടിയൊഴുക്കുകളും മേലൊഴുക്കുകളും തങ്ങൾക്ക് അറിയാമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പറഞ്ഞു.
ശിവപ്രസാദിന്റെ നിയമനം ചട്ടം വിരുദ്ധം- സർക്കാർ
സാങ്കേതിക സർവ്വകലാശാലയിൽ താത്കാലിക വൈസ് ചാൻസലർ ആയി കെ. ശിവപ്രസാദിനെ ചാൻസലർ നിയമിച്ചത് ചട്ട വിരുദ്ധമായിട്ടാണെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സിൻഡിക്കേറ്റ് യോഗത്തിലേക്ക് സർക്കാർ പ്രതിനിധികൾ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചപ്പോഴാണ് സർക്കാർ അഭിഭാഷകർ ഇക്കാര്യം വ്യക്തമാക്കിയത്.
സിൻഡിക്കേറ്റ് യോഗത്തിലേക്ക് സർക്കാർ പ്രതിനിധികളെ അയക്കുമോ എന്നതിൽ നിലപാട് തിങ്കളാഴ്ച്ച അറിയിക്കാൻ കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
Content Highlights: KTU faces financial crisis, internet disconnection imminent.
Published: 29 Aug 2025, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented