ന്യൂഡല്‍ഹി : സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ ഭക്ഷണത്തില്‍ വലിയ തോതില്‍ മാംസം ഉള്‍പ്പെടുത്തിയിരുന്നുവെന്ന് പഠനം. പ്രത്യേകിച്ചും കന്നുകാലി മാംസം വലിയ തോതില്‍ ഇവര്‍ ഭക്ഷണമാക്കിയിരുന്നെന്നും പഠനം പറയുന്നു. ബുധനാഴ്ച ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യൻ എക്സപ്രസ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

To advertise here,

"വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നാഗരികതയില്‍ നിന്നുള്ള മണ്‍പാത്രങ്ങളിലെ കൊഴുപ്പ് അവശിഷ്ടങ്ങള്‍" എന്ന തലക്കെട്ടിലുള്ള പഠനത്തിലാണ് കണ്ടെത്തല്‍. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രബന്ധത്തിന്റെ ഭാഗമായി അക്ഷ്യത സൂര്യനാരായണന്റെ നേതൃത്വത്തിലാണ് പഠനം. ആ കാലഘട്ടത്തിലെ ജനങ്ങളുടെ ഭക്ഷണശീലം മനസ്സിലാക്കുക എന്നതാണ് പഠന ലക്ഷ്യം. ഹരിയാണയിലെ ഹാരപ്പന്‍ പ്രദേശങ്ങളിലെ മണ്‍പാത്രങ്ങളിലെ കൊഴുപ്പവശിഷ്ടങ്ങളിലാണ് പ്രധാനമായും പഠനം നടത്തിയത്. 

നിലവിലെ ഹരിയാണയിലും ഉത്തര്‍പ്രദേശിലും സിന്ധൂ നദീതട നാഗരികത നിലനിന്നിരുന്നയിടങ്ങളിലെ പുരാതന സെറാമിക് പാത്രങ്ങളിലാണ് പന്നി, കന്നുകാലികള്‍, എരുമ, ആട്, തുടങ്ങിയവയുടെ മാംസ, പാല്‍ ഉത്പന്നങ്ങളുടെ സാന്നിധ്യം ധാരാളമായി കണ്ടെത്തിയത്. ഇന്നത്തെ ഹരിയാണ, ഉത്തര്‍പ്രദേശ് മേഖലകളില്‍ നിന്നാണ് പഠനത്തിനുള്ള സാമ്പിളുകള്‍ ശേഖരിച്ചത്.

പൂണെ ഡെക്കാന്‍ കോളേജിലെ മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത പുരാവസ്തു ഗവേഷകനുമായ പ്രൊഫ. വസന്ത് ഷിന്‍ഡെ, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പ്രൊഫ. രവീന്ദ്ര എന്‍ സിംഗ്, മിറിയം ക്യൂബാസ്, ഒലിവര്‍ ഇ. ക്രെയ്ഗ്, കാള്‍ പി. ഹെറോണ്‍, ടാംസിന്‍ സി ഓ കോനെല്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കാമറൂണ്‍ എ. പെട്രി എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

സിന്ധൂനദീതട സംസ്‌കാരത്തിലെ ഭക്ഷണ ശീലത്തെക്കുറിച്ച് ഇതിനുമുമ്പ് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം അന്നത്തെ കാർഷിക വിളകള്‍ കേന്ദ്രീകരിച്ചായിരുന്നുവെന്ന് അക്ഷ്യത പറയുന്നു. എന്നാൽ ഇത് പാത്രങ്ങളിലെ കൊഴുപ്പിനെ പഠനവിധേയമാക്കിയുള്ളതാണെന്നാണ് ഈ പഠനത്തെ വ്യത്യസ്തമാക്കുന്നത്.

''വളര്‍ത്തുമൃഗങ്ങളില്‍ പശു,കാള, എരുമ എന്നിവയുടെ അവശിഷ്ടങ്ങളുടെ സാന്നിധ്യമാണ് കൂടുതലായും കണ്ടത്. കണ്ടെത്തിയ അസ്ഥികളില്‍ 50% മുതല്‍ 60% വരെ ഇവയുടേതായിരുന്നു. ആടുകള്‍ / ചെമ്മരിയാട് എന്നിവയുടെ അവശിഷ്ടം പത്ത് ശതമാനത്തോളം വരും. കന്നുകാലികളുടെ അസ്ഥികളുടെ ഉയര്‍ന്ന അനുപാതം സിന്ധു തടത്തിലുടനീളം ബീഫ് ഉപയോഗത്തിനുള്ള സാധ്യത കാണിക്കുന്നു. അതോടൊപ്പം തന്നെ ആട്ടിറച്ചി ഉപയോഗവും, '' പഠനം പറയുന്നു.

ഹാരപ്പയില്‍ 90% കന്നുകാലികളെയും മൂന്ന് വയസ്സാകുന്നതുവരെ കശാപ്പ് ചെയ്തിരുന്നില്ല. പശു, എരുമ എന്നിവയെ കശാപ്പിനുപയോഗിക്കാതെ പാല്‍, അനുബന്ധ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ആകാള, പോത്ത് എന്നിവയെ നിലമുഴാനും വണ്ടികളുടെ ഓട്ടത്തിനു വേണ്ടിയും ഉപയോഗിച്ചു. 

വിവിധതരം മാനുകള്‍, മുയലുകള്‍, പക്ഷികള്‍, സമുദ്ര വിഭവങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങളും ചെറിയ അനുപാതത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഭക്ഷണരീതിയാണ് ഇവരുടേതെന്നാണ് ഇത് കാണിക്കുന്നത്. ഇവയെല്ലാം കൂടാതെ പക്ഷികള്‍, ഉരഗങ്ങള്‍, പുഴമീനുകള്‍, വിവിധതരം കക്കയിറച്ചികള്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

content highlights: Indus Valley civilisation diet had dominance of meat, finds study, Lead author Akshyeta Suryanarayan