ചണ്ഡീഗഢ്: തെരുവുകൾ വൃത്തിയാക്കാൻ ചൂലുമെടുത്തിറങ്ങിയ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥന് പദ്മ ബഹുമതി. തന്റെ 88-ാം വയസ്സിലും

To advertise here,

പൊതുസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ദർജിത് സിങ് സിദ്ധുവിനെ 'സിറ്റി ബ്യൂട്ടിഫുൾ' എന്ന വിശേഷണമുള്ള ചണ്ഡീഗഢിൻ്റെ കോണുകളിൽ സ്ഥിരമായി കാണാം. ഈ പ്രായത്തിലും പുലർച്ചെ തന്നെ കർമനിരതനാകുന്ന ഇന്ദർജിത് സിങ് സിദ്ധുവിന് പദ്മശ്രീ നൽകിയാണ് രാജ്യം ആദരിച്ചിരിക്കുന്നത്.

1996-ൽ പഞ്ചാബ് പോലീസിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡി.ഐ.ജി.) ആയാണ് ഇന്ദർജിത് സിങ് സിദ്ധു വിരമിച്ചത്. നഗരത്തെ വൃത്തിയാക്കുന്നത് അദ്ദേഹം സ്വയം ഏറ്റെടുത്ത ദൈനംദിന ജോലിയാണ്. രാവിലെ 6 മണിക്ക് അദ്ദേഹം തെരുവുകളിലെ മാലിന്യം ശേഖരിക്കാൻ പുറത്തിറങ്ങുന്നു.

ഐ.എ.എസ്-ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സഹകരണ സംഘത്തിൽ താമസിക്കുന്ന അദ്ദേഹം മാലിന്യത്തെ കുറിച്ച് നഗര അധികൃതരോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അതിനാലാണ് സ്വയം ഈ ജോലിക്കിറങ്ങിയതെന്ന് അദ്ദേഹം പറയുന്നു. "വൃത്തിയാക്കുന്നതിൽ യാതൊരു നാണക്കേടുമില്ല. ശുചിത്വം ദൈവീകതയ്ക്ക് തുല്യമാണ്," അദ്ദേഹം കഴിഞ്ഞ വർഷം എ.എൻ.ഐ. വാർത്താ ഏജൻസിയോട് പറഞ്ഞു.

1964 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും ആദ്യം ഉപേക്ഷിക്കപ്പെട്ട റിക്ഷഉപയോഗിക്കാൻ തുടങ്ങി. തുടക്കത്തിൽ ഒറ്റയാൾ പ്രവർത്തനമായിരുന്ന ഇത്. ചിലർ അദ്ദേഹത്തെ 'ഭ്രാന്തൻ' എന്ന് വിളിച്ചെങ്കിലും, പതിയെ അതൊരു അയൽപക്ക മുന്നേറ്റമായി മാറി. സിദ്ധുവിൻ്റെ കുടുംബവും സഹനിവാസികളും ഇപ്പോൾ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.

"വിദേശ രാജ്യങ്ങളിൽ സന്ദർശിച്ചാൽ അവരുടെ തെരുവുകൾ മാലിന്യരഹിതമായിരിക്കും. നമ്മുടെതും അങ്ങനെ ആയിക്കൂടേ?" അദ്ദേഹം ചോദിച്ചു. തൻ്റെ ശുചീകരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വലിയ സംഭാവന നൽകുന്നുണ്ടെന്ന് സിദ്ധു വിശ്വസിക്കുന്നില്ലെങ്കിലും അത് തനിക്ക് വലിയ സംതൃപ്തി നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"എനിക്ക് വൃത്തിയുള്ള സ്ഥലം ഇഷ്ടമാണ്, അതുകൊണ്ട് ഞാൻ വൃത്തിയാക്കുന്നു. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ ഇത് ചെയ്തുകൊണ്ടേയിരിക്കും," അദ്ദേഹം എ.എൻ.ഐ.യോട് പറഞ്ഞു. ഇന്ദർജിത് സിങ് സിദ്ധു കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ വൈറലാവുകയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളുടെ പ്രശംസ നേടുകയും ചെയ്തു.

"പരാതിപ്പെടുന്നതിനു പകരം, അദ്ദേഹം പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നു... മെച്ചപ്പെട്ട ലോകത്തിലുള്ള ശാന്തവും സ്ഥിരവുമായ വിശ്വാസം... ലക്ഷ്യങ്ങൾക്ക് വിരമിക്കലില്ല. സേവനത്തിന് പ്രായമില്ല," ഇന്ദർജിത് സിങ് സിദ്ധുവിനെ കുറിച്ച് ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.