പട്ന: ബിഹാറിൽ വോട്ടർപട്ടിക സംബന്ധിച്ച വിവാദങ്ങൾ കനക്കുന്നതിനിടെ, ബിഹാറിൽ താമസ സർട്ടിഫിക്കറ്റ് വേണമെന്നാവശ്യപ്പെട്ട് ഡോണാൾഡ് ട്രംപിന്റെ പേരിൽ അപേക്ഷ. സമസ്തപുർ ജില്ലയിലെ പടോരി സബ്ഡിവിഷനിലെ മൊഹിയുദ്ദീൻ ബ്ലോക്കിൽ നിന്നാണ് ട്രംപിന്റെ പേരിൽ താമസ സർട്ടിഫിക്കറ്റിനായി ഓൺലൈൻ വഴി വ്യാജ അപേക്ഷ ലഭിച്ചത്.
ഹസൻപുർ ഗ്രാമത്തിലെ താമസക്കാരനാണ് താനെന്നും താമസ സർട്ടിഫിക്കറ്റ് വേണമെന്നുമാണ് ആവശ്യം. ജൂലൈ 29-നാണ് അപേക്ഷ ലഭിച്ചത്. ആധാർ കാർഡ് നമ്പർ അടക്കമാണ് അപേക്ഷ. എന്നാൽ, ഇത് വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തള്ളിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഫ്രെഡറിക് ക്രൈസ്റ്റ് ട്രംപ് എന്നും മാതാവിന്റെ പേര് മേരി ആനി മക്ലിയോഡ് എന്നും രേഖ,പ്പെടുത്തിയിട്ടുണ്ട്. 1946 ജൂൺ 10-നാണ് ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷനാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡോണാൾഡ് ട്രംപിന്റെ ഫോട്ടോ അടക്കമാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം, ആധാർ കാർഡിലെ നമ്പറുകൾ മറ്റാരുടേയോ കാർഡിലെ നമ്പറുകൾ തിരുത്തിയാണ് നൽകിയിരിക്കുന്നത്. പതിമൂന്നാം വാർഡ്, ബക്കർപുർ, പി.ഒ. മൊഹിയുദ്ദീൻ നഗർ, സമസ്തിപുർ, ബിഹാർ എന്ന വിലാസത്തിൽ താമസ സർട്ടിഫിക്കറ്റ് വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. സർക്കാർ സംവിധാനത്തെ പരിഹസിക്കുന്നതിനായി ബോധപൂർവ്വം നടത്തിയ ശ്രമമാണിതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
വിഷയം ഗൗരവമായി എടുക്കുന്നുവെന്നും കൂടുതൽ അന്വേഷണത്തിനായി സൈബർ പോലീസിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ ഇത്തരത്തിൽ നിരവധി വ്യാജ അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Content Highlights: Fraudulent Residency Application Filed in Bihar Under Donald Trump's Name
Published: 06 Aug 2025, 05:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented