ധരംശാല: മരണ ശേഷം തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഇതോടെ 600 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസം നിലവിലെ ദലൈലാമയോടെ അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ധരംശാലയില്‍ നടക്കുന്ന നൂറിലധികം സന്യാസിമാര്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് ദലൈലാമ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

To advertise here,

ദലൈലാമയുടെ ഓഫീസിലെ അംഗങ്ങള്‍, മുന്‍കാല പാരമ്പര്യങ്ങള്‍ക്കനുസരിച്ച് ഒരു പിന്‍ഗാമിയെ കണ്ടെത്താനും അംഗീകരിക്കാനും ടിബറ്റന്‍ ബുദ്ധമത തലവന്മാരുമായും മറ്റ് മതനേതാക്കളുമായും കൂടിയാലോചിക്കുമെന്നും പ്രസ്താവനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മറ്റാര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍  അധികാരമില്ല' ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് ദലൈലാമ വ്യക്തമാക്കി. അതേസമയം പുതിയ ദലൈലാമയെ തങ്ങളുടെ അംഗീകാരത്തിന് ശേഷമേ പ്രഖ്യാപിക്കാനാകൂ എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

'ദലൈ ലാമ, പഞ്ചെന്‍ ലാമ, മറ്റ് പ്രധാനപ്പെട്ട ബുദ്ധമത വ്യക്തിത്വങ്ങള്‍ എന്നിവരുടെ പുനരവതാരം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം'  18-ാം നൂറ്റാണ്ടിലെ ക്വിങ്
രാജവംശത്തിലെ ഒരു ചക്രവര്‍ത്തി അവതരിപ്പിച്ച രീതിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ആണ് ചൈനീസ് നിലപാട് വ്യക്തമാക്കിയത്. ദലൈ ലാമയുടെ പ്രഖ്യാപനത്തിന് പിന്നാലെ നടന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ആണ് മാവോ നിങ് ഇക്കാര്യം വിശദീകരിച്ചത്.

ചൈനീസ് സര്‍ക്കാര്‍ മതസ്വാതന്ത്ര്യ നയം നടപ്പാക്കുന്നുണ്ട്, എന്നാല്‍ മതകാര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്, കൂടാതെ ടിബറ്റന്‍ ബുദ്ധന്മാരുടെ പുനരവതാരം കൈകാര്യം ചെയ്യുന്നതിനുള്ള രീതികളുമുണ്ടെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ദലൈ ലാമ ഞായറാഴ്ച 90-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് പിന്‍ഗാമിയെ സംബന്ധിച്ചുള്ള ഈ പ്രഖ്യാപനം വരുന്നത്. ടിബറ്റന്‍ കലണ്ടര്‍ അനുസരിച്ച് ദലൈ ലാമയുടെ ജന്മദിനമായ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ 7,000-ത്തിലധികം അതിഥികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ അനുയായി ആയ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗീറും സന്നിഹിതനായിരിക്കും.