ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ അനന്തരവനായ രാജ് ദാമോദര്‍ വാക്കോഡെയെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഗവായിയുടെ സീനിയര്‍ ആയിരുന്ന ബാരിസ്റ്റര്‍ രാജ എസ്. ബോണ്‍സലെയുടെ മകന്‍ രാജ്‌സിന്‍ഹ രാജ ബോണ്‍സലെയെയും ബോംബെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

To advertise here,

ഓഗസ്റ്റ് 19-ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം യോഗമാണ് അഭിഭാഷകനായ രാജ് ദാമോദര്‍ വാക്കോഡെയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്. നിലവില്‍ നാല്‍പത്തിയഞ്ച് വയസ് മാത്രമാണ് രാജ് ദാമോദര്‍ വാക്കോഡെയുടെ പ്രായം. ജഡ്ജിയായി നിയമിതനായാല്‍ ഭാവിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പരിഗണിക്കപ്പെടാന്‍വരെ സാധ്യതയുണ്ട്.

ചീഫ് ജസ്റ്റിസ് ആണ് സുപ്രീം കോടതി കൊളീജിയം യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍ രാജ് ദാമോദര്‍ വാക്കോഡെയെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ തയ്യാറാക്കിയ കൊളീജിയം യോഗത്തില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പങ്കെടുത്തില്ല എന്നാണ് സൂചന. ഓഗസ്റ്റ് 19-ന് ബോംബെ ഹൈക്കോടതി ജഡ്ജി നിയമനത്തിന് സുപ്രീം കൊളീജിയം തയ്യാറാക്കിയ രണ്ട് പട്ടികളിലായി 14 പേരുകളാണ് ഉള്ളത്.

രാജ് ദാമോദര്‍ വാക്കോഡെക്ക് പുറമെ ഈ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേരുകള്‍ കൂടി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുമായി അടുത്തബന്ധമുള്ളവരാണ്. പട്ടികയില്‍ ഉള്‍പ്പെട്ട രാജ്‌സിന്‍ഹ രാജ ബോണ്‍സലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ മുന്‍ സീനിയറായ ബാരിസ്റ്റര്‍ രാജ എസ്. ബോണ്‍സലെയുടെ മകനാണ്. ഇതിന് പുറമെ ചീഫ് ജസ്റ്റിസ് ഗവായി അഭിഭാഷകന്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജൂനിയര്‍ ആയിരുന്ന അഷ്റഫ് ഖാന്‍ പഠാനും കൊളീജിയം തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.