ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനവും പുറത്തിറങ്ങിയിട്ടും സീറ്റ് വിഭജനം പോലും ഔദ്യോഗികമാക്കാനാവാതെ മുന്നണികള്‍. വോട്ടെടുപ്പില്‍ 'കറുത്ത കുതിര'യാകുമെന്ന് ചിലരെങ്കിലും കരുതുന്ന പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും തിങ്കളാഴ്ച 65 സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇതിനകം പരമ്പരാഗത മുന്നണികളായ എന്‍ഡിഎയെയും മഹാസഖ്യത്തെയും കടത്തി െവട്ടി. ഇനിയങ്ങോട്ടുള്ള പോരാട്ടത്തില്‍ ജന്‍ സുരാജ് ഏത് മുന്നണിയുടെ 'അന്തകരാ'യാകും മാറുകയെന്ന ചോദ്യമുയരുന്നു. എന്നാല്‍, ഇതിനെല്ലാമുപരി പാര്‍ട്ടികളും മുന്നണികളും ആകാംക്ഷയോടെയും ആശങ്കയോടെയും ഉറ്റുനോക്കുന്നത് സ്ത്രീവോട്ടര്‍മാരുടെ മനസ്സിനെ.

To advertise here,

വനിതകള്‍ക്കായി ജനപ്രിയപദ്ധതികള്‍

മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന എന്ന പേരില്‍ തിരഞ്ഞെടുപ്പ് കാഹളത്തിന് തൊട്ടുമുമ്പായി ഇറക്കിയ തുറുപ്പുചീട്ടാണ് എന്‍ഡിഎയുടെ വജ്രായുധം. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇതിനകം 10,000 രൂപ വീതം നിക്ഷേപിച്ചു. മധ്യപ്രദേശില്‍ ലാഡ്ലി ബഹന്‍ യോജനയും മഹാരാഷ്ട്രയില്‍ ലഡ്കി ബഹന്‍ യോജനയും തുണച്ചതുപോലെ ഇതൊരു വികാരമായി ബിഹാറില്‍ അലയടിക്കുമെന്ന് ബിജെപി കരുതുന്നു. ഗ്രാമ, ഗ്രാമാന്തരങ്ങളില്‍ ജീവിക ഗ്രൂപ്പുണ്ടാക്കി സ്വയംതൊഴില്‍ സംരംഭത്തിനും മറ്റുമായി വായ്പയനുവദിച്ചതും സ്ത്രീകള്‍ക്കിടയില്‍ നിതീഷിനെ പ്രിയങ്കരനാക്കിയിരുന്നു.

ബിഹാറില്‍ 20 വര്‍ഷത്തെ ഭരണത്തിനിടയില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ സൃഷ്ടിച്ചെടുത്ത സ്വന്തം വോട്ടുബാങ്കാണ് സ്ത്രീവോട്ടര്‍മാരുടേതെന്നാണ് വാദം. 3- 5 ശതമാനം മാത്രം വോട്ട് ബാങ്കുള്ള കുറുമിസമുദായക്കാരുടെ പാര്‍ട്ടി മാത്രമായി അറിയപ്പെട്ടിരുന്ന ജെഡിയുവിനെ തുടര്‍ച്ചയായി ഭരണത്തിലെത്തിച്ചത് 2005 മുതല്‍ നിതീഷ് നടപ്പാക്കിവന്ന സ്ത്രീകേന്ദ്രീകൃത പരിഷ്‌കാരങ്ങളാണത്രെ. പെണ്‍കുട്ടികള്‍ക്ക് സൈക്കിളും യൂണിഫോമും സൗജന്യമാക്കി, അവര്‍ പാതിവഴിക്ക് പഠനം മതിയാക്കുന്ന പ്രവണതയ്ക്ക് തടയിട്ടത് മുതല്‍ 2016ലെ മദ്യനിരോധനവും സര്‍ക്കാര്‍ ജോലിയിലെയും പൊലീസ് നിയമനത്തിലെയും 35 ശതമാനം സ്ത്രീസംവരണവും വരെ ഇതില്‍പെടും. ആ 'എം' (മഹിള) ഘടകം നിതീഷിനെ ഇക്കുറി തുണയ്ക്കുമോയെന്നാണറിയേണ്ടത്.

യുവാക്കളില്‍ നിരാശ, ഭരണവിരുദ്ധവികാരം

എന്നാല്‍ 20 വര്‍ഷത്തെ ഭരണത്തിനെതിരായ വിരുദ്ധവികാരം ശക്തമാണ് ഇക്കുറി. തൊഴിലില്ലായ്മയില്‍ യുവാക്കള്‍ കടുത്ത നിരാശയിലാണ്. പണപ്പെരുപ്പം സൃഷ്ടിക്കുന്ന വിലക്കയറ്റവും പ്രശ്‌നം. തൊഴിലില്ലായ്മയുടെ കെടുതിയനുഭവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ അതിനാല്‍, മഹിളാ റോസ്ഗാര്‍ യോജന പോലുള്ള സൗജന്യപദ്ധതിക്കെതിരെ തിരിയാനും മതിയെന്ന് കരുതുന്നവരുമുണ്ട്. ബിഹാറില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ വര്‍ഷമാദ്യം മുതല്‍ നിരവധി വാഗ്ദാനങ്ങളാണ് കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് കോഴ നല്‍കുന്നതിന് തുല്യമാണെന്നുവരെ ഇതിനെ എതിരാളികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഭരണവിരുദ്ധവികാരത്തെ ലഘൂകരിക്കാന്‍ വാഗ്ദാനപ്പെരുമഴയിലൂടെ സാധിക്കുമെന്ന വിലയിരുത്തലാണ് എന്‍ഡിഎയില്‍.

 

ജെഡിയു ഇതാദ്യമായി ബിജെപിയുടെ തുല്യസീറ്റില്‍

സീറ്റ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ജെഡിയുവും ബിജെപിയും 101 വീതം സീറ്റുകളില്‍ മത്സരിക്കാനുള്ള ധാരണ ജെഡിയുവിനെ ബിജെപി വിഴുങ്ങുന്നതിന്റെ ഭാഗമാണെന്നാണ് ആര്‍ജെഡിയും കോണ്‍ഗ്രസും പറയുന്നത്. എന്നാല്‍, ബിജെപിക്ക് ഉയര്‍ത്തിക്കാട്ടാന്‍ നല്ലൊരു മുഖം ബിഹാറിലില്ലാത്തതിനാലും സ്ത്രീവോട്ടര്‍മാരെ മുന്നില്‍ കണ്ടും അവര്‍ നിതീഷിനെ തന്നെ മുന്നില്‍ നിര്‍ത്തുന്നു. 'വോ ചെഹരാ ഠീക് ഹെ'- പട്നയിലെ ബിജെപി ആസ്ഥാനത്ത് വച്ചൊരു ബിജെപി പ്രമുഖന്‍ പ്രതികരിച്ചു. ബിഹാറില്‍ വേരോട്ടം കുറവായിരുന്ന ബിജെപി 2014 മുതലാണ് അത് ശക്തിപ്പെടുത്താനുള്ള ഊര്‍ജിതശ്രമമാരംഭിച്ചത്. മറ്റൊന്ന് 101 സീറ്റില്‍ മാത്രം മത്സരിക്കുന്നതിലൂടെ നഷ്ടപ്പെടുന്ന മേല്‍ക്കൈയാണ്. 80% വരെ വിജയിക്കാനായാലും കേവലഭൂരിപക്ഷത്തിന് ഘടകകക്ഷികളെ ആശ്രയിക്കാതെ ബിജെപിക്ക് നില്‍ക്കാനാവില്ലെന്നതാണ് ഈ കണക്കിലെ വില്ലന്‍. കേന്ദ്രമന്ത്രി ജിതന്‍ റാംമാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയും ഇടഞ്ഞുനില്‍ക്കുന്നതിനാലാണ് സീറ്റ് വിഭജനപ്രഖ്യാപനം അവസാനനിമിഷം എന്‍ഡിഎ നേതൃത്വം മാറ്റിവച്ചത്.

കോണ്‍ഗ്രസും മാലെ പാര്‍ട്ടിയും തൃപ്തരല്ല

മറുപക്ഷത്ത് സീറ്റുവിഭജനം നീട്ടുന്നത് കോണ്‍ഗ്രസും മാലെ പാര്‍ട്ടിയെന്ന് ബിഹാറികള്‍ വിളിക്കുന്ന സിപിഐഎംഎല്ലും സീറ്റെണ്ണത്തില്‍ അതൃപ്തിയറിയിച്ച് നില്‍ക്കുന്നതിനാലാണ്. 243ല്‍ പകുതി സീറ്റുകളില്‍ മത്സരിക്കാന്‍ തന്നെയാണ് ആര്‍ജെഡി തീരുമാനം. എങ്കിലേ മേല്‍ക്കൈയുറപ്പാവൂ. ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനുമെതിരായ തിങ്കളാഴ്ചത്തെ കോടതിവിധിയിന്മേല്‍ തേജസ്വിക്കെതിരെ നടപടിയുമായി മുന്നോട്ട് പോയാല്‍ ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റിലായ ഹേമന്ദ് സോറന് അനുകൂലമായുണ്ടായ വികാരം ഇവിടെയുമുണ്ടാകാമെന്ന ചിന്തയും ബിജെപിയിലുണ്ട്.

തേജസ്വിക്ക് ലഭിക്കുന്ന സ്വീകാര്യത ആര്‍ജെഡിയുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. കഴിഞ്ഞ തവണ വെറും 0.3 ശതമാനം മാത്രം വ്യത്യാസത്തിലാണ് മഹാസഖ്യം പിന്നോട്ടടിച്ചത്. അന്ന് തനിച്ച് മത്സരിച്ച ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി എന്‍ഡിഎയെ ചതിച്ചെങ്കില്‍ ഇക്കുറി പ്രശാന്ത് കിഷോറില്ലേയെന്ന ചോദ്യം എന്‍ഡിഎ ക്യാമ്പിനെ ആശങ്കപ്പെടുത്താതില്ല. എന്നാല്‍ ആര്‍ജെഡിയുടെയും ഉറക്കം കെടുത്തുന്നത് ഈ ആശങ്കയാണ്.

 

പികെ ഘടകം

യുവാക്കളുടെ നിരാശ മുതലെടുത്തും അഴിമതിയാരോപണമുയര്‍ത്തിയും പ്രശാന്ത് കിഷോറും (പികെ) അദ്ദേഹത്തിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും പ്രചരണഘോഷം സൃഷ്ടിക്കുന്നുണ്ട്. അദ്ദേഹത്തിനനുകൂലമായി ആള്‍ക്കൂട്ടമുണ്ട്.

തിങ്കളാഴ്ച രണ്ടാം സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ ആള്‍ക്കൂട്ട ആവേശം കണ്ടു. 'പികെ'യെ മുഖം കാണിക്കാന്‍ തിക്കിത്തിരക്കുന്നവരെയും അത് കിട്ടാത്തതില്‍ നിരാശയും രോഷവും പ്രകടിപ്പിക്കുന്നവരെയും തിങ്കളാഴ്ച ബെയ്ലി റോഡിലെ അദ്ദേഹത്തിന്റെ ശേഖ്പുര ഹൗസില്‍ കണ്ടു. സീറ്റ് പ്രതീക്ഷിച്ച ചില അനുയായികളുടെ പൊട്ടിത്തെറിയും കണ്ടു. പികെ വോട്ട് ചോര്‍ത്തുമെന്നുറപ്പ്. അതാരുടേതെന്നതിലാണ് മുന്നണികളില്‍ അങ്കലാപ്പ്.