താനെ: വേണ്ടപ്പെട്ടവരുടെ മരണ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങി വശംകെടുന്നവരെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ജീവിച്ചിരിക്കുന്ന ആള്‍ക്ക് അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും, ഒടുവില്‍ 'പരേതന്' താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. താനെയിലാണ് സംഭവം. താനെ മുനിസിപ്പല്‍ കോര്‍പറേഷന്റെ 'അമിത ശുഷ്‌കാന്തി'ക്ക് ഇരയായത് ഒരു സ്‌കൂള്‍ അധ്യാപകനും!

To advertise here,

മുംബൈയിലെ ഖഡ്‌കോപറിലെ ചന്ദ്രശേഖര്‍ ദേശായ് എന്ന അധ്യാപകന് അടുത്തിടെയാണ് കോര്‍പറേഷന്‍ അധികൃതരുടെ ഫോണ്‍ കോള്‍ ലഭിക്കുന്നത്. അദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ തയ്യാറായിട്ടുണ്ടെന്നും വന്ന് വാങ്ങണമെന്നുമായിരുന്നു ഫോണ്‍ സന്ദേശം. താന്‍തന്നെയാണ് ചന്ദ്രശേഖര്‍ ദേശായ് എന്നും താന്‍ മരിച്ചിട്ടില്ലെന്നും ഫോണ്‍ വിളിച്ച ആളോട് അദ്ദേഹം പറഞ്ഞുനോക്കി. എന്നാല്‍ അത് അംഗീകരിക്കാന്‍ ഉദ്യോഗസ്ഥന്‍ തയ്യായിരുന്നില്ല.

ജീവിച്ചിരിപ്പുണ്ടെന്നും മരണ സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്നും ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ വലിയ വാക്‌പോരുതന്നെ നടത്തിയെങ്കിലും ചന്ദ്രശേഖറിന്റെ ശ്രമങ്ങളെല്ലാം വൃഥാവിലായി. ഒടുവില്‍ തന്റെ അസ്തിത്വം തെളിയിക്കാന്‍ അദ്ദേഹത്തിന് കോര്‍പറേഷന്‍ ഓഫീസില്‍ കയറിയിറങ്ങേണ്ടിവന്നു.

'ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവരോട് പരമാവധി പറഞ്ഞുനോക്കി. ജീവിച്ചിരിക്കുന്ന എന്നെക്കുറിച്ച് ഇങ്ങനെയൊരു കാര്യം പറയാന്‍ നിങ്ങള്‍ക്കെങ്ങനെയാണ് കഴിയുന്നതെന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍, ഞാന്‍ മരിച്ചെന്നും തങ്ങളുടെ കൈയ്യില്‍ അതിന് രേഖകളുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറഞ്ഞത്. എന്റെ 80 വയസ്സുള്ള അമ്മയോ ഭാര്യയോ ആയിരുന്നു ഫോണ്‍ എടുത്തതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്ന് ഒന്ന് ആലോചിച്ചുനോക്കൂ', ചന്ദ്രശേഖര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ചന്ദ്രശേഖര്‍ ദേശായിക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാകുകയും പൂര്‍ണ രോഗമുക്തനായി ആശുപത്രി വിടുകയും ചെയ്തു. എന്നാല്‍ ചന്ദ്രശേഖര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ മരണപ്പെട്ടു എന്നാണ് താനെ മുനിസിപ്പല്‍ കോര്‍പറേഷന്റെ രേഖകളിലുള്ളത്.

തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചതായി ഒടുവില്‍ കോര്‍പറേഷന്‍ അധികൃതര്‍ സമ്മതിച്ചു. മരിച്ചവരുടെ പട്ടിക തയ്യാറാക്കിയത് പുണെയിലാണെന്നും ഇതിനിടയില്‍ സംഭവിച്ച പാകപ്പിഴയാകാം ഇത്തരമൊരു വീഴ്ചയ്ക്ക് ഇടയാക്കിയതെന്നും അവര്‍ പറയുന്നു. 

രോഗമുക്തരായവരെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും ആ കുടുംബത്തില്‍ മരിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നതിനാണ് ഫോണ്‍ വിളിക്കാറുള്ളതെന്ന് താനെ അഡീഷണല്‍ മുനിസിപ്പല്‍ കമ്മീഷണര്‍ സന്ദീപ് മാല്‍വി പറഞ്ഞു. മരിച്ചവരുടെ പട്ടികയില്‍ ചന്ദ്രശേഖറിന്റെ പേരുണ്ടായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഉറപ്പാക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചത്. ഈ സംഭവത്തോടെ മരിച്ചവരെക്കുറിച്ച് വീട്ടില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതി അവസാനിപ്പിച്ചതായും സന്ദീപ് മാല്‍വി പറഞ്ഞു.

Content Highlights: Authorities issued death certificate, teacher approach the office to prove he was alive