അമരാവതി: ഗുണ്ടൂര്‍ കളക്ടര്‍ നാഗലക്ഷ്മിക്ക് മുന്നില്‍ ഹൃദയസ്പര്‍ശിയായ നിവേദനവുമായി എട്ട് വയസുകാരന്‍. 'എന്റെ അമ്മ ഞങ്ങളൊക്കെ മരിക്കുന്നതാണ് നല്ലത് എന്നാണ് പറയുന്നത്... അതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്.' യശ്വന്ത് കളക്ടറോട് പറഞ്ഞു.

To advertise here,

ഗുണ്ടൂര്‍ നഗരത്തിലെ വെങ്കടറാവു പേട്ട എന്ന സ്ഥലത്താണ് യശ്വന്തും അമ്മയായ രാധികയും താമസിക്കുന്നത്. അടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിക്ക് മുന്നില്‍ ഭക്ഷണശാല നടത്തിയാണ് രാധികയുടെ കുടുംബം മുന്നോട്ട് പോയിരുന്നത്. റോഡ് വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ രാധികയുടെ കട അവിടെ നിന്ന് മാറ്റിയതോടെ കുടുംബത്തിന് ജീവിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അടഞ്ഞു. കട അടച്ച അധികൃതര്‍ ബദല്‍ സംവിധാനങ്ങള്‍ നല്‍കുകയും ചെയ്തില്ല. ഇത് കൂടാതെ ഭക്ഷണശാല പ്രവര്‍ത്തിച്ച വണ്ടി കനാലിലേക്ക് എറിയുകയും ചെയ്തു എന്ന് യശ്വന്ത് കളക്ടറോട് പറഞ്ഞു.

മുന്‍സിപ്പാലിറ്റി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവെങ്കിലും മറ്റൊരു സ്ഥലത്ത് കട തുറന്ന് പ്രവര്‍ത്തിക്കാനുള്ള രാധികയുടെ ആവശ്യം അവർ അംഗീകരിച്ചില്ല. ഇതോടെ രാധികയുടെ കുടുംബത്തിന്റെ ജീവിതം വഴിമുട്ടുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ  ജീവിതം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന ചിന്ത രാധിക പങ്കുവെച്ചതായി യശ്വന്ത് പറഞ്ഞു.

'ഞങ്ങളുടെ ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ജീവിക്കാന്‍ സഹായിക്കണം.' ഹൃദ്രോഗി കൂടിയായ യശ്വന്ത് കളക്ടറോട് അപേക്ഷിച്ചു.  യശ്വന്തിന്റെ  അപേക്ഷ കേട്ട  കളക്ടർ നാഗലക്ഷ്മി നിവേദനം സ്വീകരിക്കുകയും കുടുംബത്തിന്റെ ഉപജീവനമാര്‍ഗം പുനഃസ്ഥാപിക്കാന്‍ മുന്‍സിപാലിറ്റി അധികൃതരോട് എത്രയും പെട്ടന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പറഞ്ഞിട്ടുണ്ട്.