ലഖ്‌നൗ: മഹാകുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ ദുരന്തത്തിൽ 82 പേർ മരിച്ചതായി ബിബിസി പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ്. മരിച്ചവരുടെ എണ്ണം പുറത്തുവിട്ടതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അപകടത്തിൽ 37 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
വ്യാജകണക്കുകള്‍ പുറത്തുവിട്ടവര്‍ പൊതുജനങ്ങളുടെ വിശ്വാസത്തിന് അര്‍ഹരല്ലെന്നും അഖിലേഷ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു. 'കണക്ക് vs സത്യം: 37 vs 82. തീര്‍ച്ചയായും എല്ലാവരും കാണുകയും ശ്രദ്ധിക്കുകയും പങ്കുവെക്കുകയും ചെയ്യൂ. സത്യത്തെ അന്വേഷിക്കേണ്ടത് പ്രധാനമാണ്. അത് പരത്തേണ്ടത് അനിവാര്യമാണ്', അഖിലേഷ് പറഞ്ഞു. ബിജെപി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മരണത്തേക്കുറിച്ച് കളവുപറയാന്‍ ഒരാള്‍ക്ക് സാധിക്കുമെങ്കില്‍, കപട സാമ്രാജ്യത്തിന്റെ അധിപരായി കിരീടംചൂടാന്‍ അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അവരോട് ചോദ്യമുന്നയിക്കണമെന്നും അഖിലേഷ് പറഞ്ഞു. കണക്കുകള്‍ മറച്ചുവെക്കുന്നത് മാത്രമല്ല വിഷയം, സഭയില്‍ വ്യാജപ്രസ്താവനകള്‍ നടത്തിയത് അടക്കമുള്ള കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഷ്ടപരിഹാര വിതരണത്തേക്കുറിച്ചും അഖിലേഷ് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. നഷ്ടപരിഹാരം എന്തുകൊണ്ട് പണമായി കൊടുത്തു, പണത്തിന്റെ ഉറവിടം എന്താണ്, വിതരണം ചെയ്യാത്ത പണം എവിടേക്ക് പോയി, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പണം വിതരണത്തിന് അംഗീകാരം കൊടുത്തത്, ആരാണ് പണം കൊടുക്കാന്‍ അനുമതി നല്‍കിയത്, വിതരണത്തെ പിന്തുണയ്ക്കാന്‍ എഴുതിത്തയ്യാറാക്കിയ ഉത്തരവുണ്ടായിരുന്നോ..- അഖിലേഷ് യാദവ് ആരാഞ്ഞു. പണം കൈകാര്യം ചെയ്തതില്‍ ക്രമക്കേടുണ്ടായിരുന്നോയെന്നും മരണകാരണത്തില്‍ മാറ്റംവരുത്താൻ ഉദ്യോഗസ്ഥര്‍ക്ക് ആരാണ് നിര്‍ദേശം നല്‍കിയതെന്നും അഖിലേഷ് കുറിപ്പില്‍ ചോദിച്ചു.
പതിനൊന്ന് സംസ്ഥാനങ്ങളിലെ അന്‍പത് ജില്ലകളിലെ നൂറിലധികം കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ബിബിസി അവകാശപ്പെടുന്നത്. ഈ അന്വേഷണത്തിലാണ് സര്‍ക്കാർ പുറത്തുവിട്ട കണക്കിനേക്കാൾ ഉയർന്ന തോതിൽ മരണം നടന്നതായി കണ്ടെത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുരന്തത്തില്‍ മരിച്ചവരില്‍ ചിലരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം ലഭിച്ചുവെങ്കിലും സര്‍ക്കാരിന്റെ ഔേദ്യാഗിക കണക്കില്‍നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ബിബിസിയുടെ റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ കണക്കില്‍നിന്ന് ഒഴിവാക്കപ്പെട്ട 26 കുടുംബങ്ങളെ തിരിച്ചറിഞ്ഞതായും ബിബിസി പറയുന്നു.
Content Highlights: akhilesh yadav slams up government over mahakumbhmela death toll
Published: 10 Jun 2025, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented