ദുബായ്: ട്രക്ക് ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങള്‍,
ക്രമരഹിതമായി ട്രക്കുകള്‍ നിര്‍ത്തിയിടല്‍ എന്നിവക്കെതിരെ ബോധവത്കരണം ശക്തമാക്കി അധികൃതര്‍. നിയമലംഘകര്‍ക്കെതിരെ രണ്ട് ലക്ഷം ദിര്‍ഹംവരെ പിഴയീടാക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. ക്രമരഹിതമായ ട്രക്കുകള്‍ നിര്‍ത്തിയിടുന്നത് കണ്ടെത്താനായി ആര്‍ടിഎ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ദുബായിലെ പ്രധാന റോഡുകളിലും പാലങ്ങള്‍ക്കുതാഴെയുമായി ക്രമരഹിതമായി ട്രക്കുകള്‍ പാര്‍ക്കുചെയ്തതായി പരിശോധനകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയത്.
ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കാനും റോഡ് ഉപയോക്താക്കള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനും ഇത്തരം നിയമലംഘനങ്ങള്‍ ശക്തമായി തടയും. ദുബായിലെ റോഡ് ശൃംഖലയിലുടനീളം സുസ്ഥിരവും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആര്‍ടിഎയുടെ സംരംഭങ്ങളുടെ ഭാഗമായാണ് ട്രക്കുകള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യിക്കുക എന്നത്. നിയമം പാലിക്കാന്‍ ഭാരവാഹന ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ടിഎയുടെ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സിയിലെ റൈറ്റ് - ഓഫ് - വേ ഡയറക്ടര്‍ ആരിഫ് ഷാക്രി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് തുടക്കത്തില്‍ 5,000 ദിര്‍ഹവും പിന്നീടുള്ള കുറ്റങ്ങള്‍ക്ക് പിഴ ഇരട്ടിയുമാകും. കേസിന്റെ സ്വഭാവമനുസരിച്ച് തുക വര്‍ധിപ്പിച്ചാണ് രണ്ടുലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുക.
ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ ആര്‍ടിഎ കാംപെയ്നുകള്‍ സംഘടിപ്പിക്കും. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ട്രക്കുകള്‍ പാര്‍ക്കുചെയ്യുന്നതിനും ദുബായില്‍ വിപുലമായ സൗകര്യങ്ങളുണ്ട്. പ്രാര്‍ഥനാ മുറികള്‍, ഇന്ധന സ്റ്റേഷനുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, റെസ്റ്ററന്റുകള്‍, ട്രക്ക് - മെയിന്റനന്‍സ് വര്‍ക്ക്ഷോപ്പുകള്‍, ഡ്രൈവര്‍മാര്‍ക്കായുള്ള വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയ ഒട്ടേറെ സേവനകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താനും അധികൃതര്‍ നിര്‍ദേശിച്ചു.

To advertise here,