ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
പാപ്പൻ എന്ന ജാക്സൺ വേലയ്യൻ നയിക്കുന്ന ഒരു ബാൻഡ് സംഘമുണ്ട്, 'ജാക്സൺ ബസാർ യൂത്ത്'. ഈ സംഘത്തിന് തങ്ങളുടെ ബാൻഡും സംഗീതവും വരുമാനം മാത്രമല്ല, ജീവവായു കൂടിയാണ്. അവരുടെ എല്ലാ പ്രശ്നങ്ങളും മറക്കാനും മറികടക്കാനും സഹായിക്കുന്ന ഒരു ശക്തി. താമസിക്കുന്ന കോളനിയേയും സ്നേഹത്തോടെ അവിടുത്തെ മനുഷ്യർ വിളിക്കുന്നത് ജാക്സൺ ബസാർ എന്നാണ്. അത്രത്തോളം അവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു 'ജാക്സൺ ബസാർ യൂത്ത്' എന്ന ബാൻഡ് സംഘം. നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്ത് ഈ ബാൻഡിന്റെ കഥയാണ്, അവരുടെ സ്നേഹത്തിന്റെയും യാതനകളുടെയും ഒത്തൊരുമയുടേയും പോരാട്ടത്തിന്റേയും കഥ.
വികസനത്തിന്റെ പേരിൽ 50 വർഷത്തോളമായി ജാക്സൺ ബസാർ എന്ന കോളനിയിൽ താമസിക്കുന്നവരെ അവിടുന്ന് ഒഴിപ്പിക്കാനുള്ള ശ്രമം ശക്തമാകുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതോടെ കോളനിയിലെ ജനങ്ങളുടെ കുടിവെള്ളം പോലും മുട്ടുന്നു. ജാക്സൺ ബസാറിനെ ദ്രോഹിക്കാൻ മുൻപന്തിയിലുള്ള പോലീസ് ചോദ്യം ചെയ്യലുകളെ അടിച്ചമർത്തുന്നു, ഭരണകൂടം ഇവരെ അവഗണിക്കുന്നു. തുടർന്ന് നടക്കുന്ന പോരാട്ടങ്ങളും അതിനെ മുൻനിർത്തിയുള്ള സംഭവവികാസങ്ങളുമാണ് ചിത്രം.
.jpg?$p=a80322e&&q=0.8)
ജാക്സൺ ബസാറിലെ സന്തോഷങ്ങളും പ്രശ്നങ്ങളും പാട്ടുമൊക്കെയാണ് ആദ്യപകുതിയിലെങ്കിൽ രണ്ടാം പകുതിയോടെ ചിത്രം കൂടുതൽ ഉദ്വേഗജനകമാകുന്നു. പോലീസ് സ്റ്റേഷനും അവിടെ നടക്കുന്ന സംഭവങ്ങളുമാണ് പിന്നീട് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആദ്യപകുതിയുടെ അവസാനത്തോടെയെത്തുന്ന ഒരു കഥാപാത്രം ചിത്രത്തിന് നൽകുന്ന ഊർജം വളരെ വലുതാണ്. ഈയൊരു കഥാപാത്രം മെല്ലെ ചിത്രത്തിന്റെ നെടുംതൂണായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. വില്ലനാണോ നായകനാണോ എന്ന് പോലും മനസിലാക്കിത്തരാതെ ഈ കഥാപാത്രം ചിത്രത്തിന്റെ മൂഡ് തന്നെ മാറ്റുന്നതോടെ പ്രേക്ഷകരും ത്രില്ലിലാകുന്നു. പിന്നീട് ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ പാപ്പൻ എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജാഫർ ഇടുക്കിയാണ്. വളരെയധികം അഭിനയസാധ്യതയുണ്ടായിരുന്ന ഈ കഥാപാത്രത്തെ മികച്ച രീതിയിൽ ജാഫർ ഇടുക്കി അവതരിപ്പിച്ചിട്ടുണ്ട്. പുതുമയുള്ള കഥാപാത്രമാണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചിരിക്കുന്നത്. സി. ഐ സദാശിവമായി എത്തുന്ന ഇന്ദ്രൻസും മികച്ച പ്രകടനത്തിലൂടെ കെെയടി നേടുന്നു. മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ലുക്മാൻ സംഘട്ടന രംഗങ്ങളിൽ ഉൾപ്പടെ മികവ് പുലർത്തി. പോലീസ് കഥാപാത്രം അവതരിപ്പിച്ച ചിന്നു ചാന്ദിനിയും തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി.

മനോഹരങ്ങളായ ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ് ജാക്സൺ ബസാർ യൂത്തിലുള്ളത്. ശക്തമായ പ്രമേയം സംസാരിക്കുന്ന ചിത്രത്തിൽ ബാൻഡ് സംഘത്തെയും അവരുടെ പാട്ടുകളും കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. ടെെറ്റിൽ ക്രെഡിറ്റ് സീൻ മുതൽ പുതുമ നിലനിർത്തിയ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുഹൈൽ കോയ, ഷറഫു, ടിറ്റോ പി. എന്നിവരുടേതാണ് തങ്കച്ചൻ വരികൾ.
കൃത്യമായ രാഷ്ട്രീയം ചിത്രം സംസാരിക്കുന്നുണ്ട്. 'വിരട്ടിയോടിക്കാൻ നിക്കണ്ട സാറേ... നടക്കില്ല' എന്ന് ലുക്മാൻ അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രം പറയുന്ന ഡയലോഗിലുണ്ട് ചിത്രത്തിന്റെ രാഷ്ട്രീയവും സത്തും. സക്കരിയ നിർമ്മിക്കുന്ന ജാക്സൺ ബസാർ യൂത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഉസ്മാൻ മാരാത്താണ്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഇടം നൽകാൻ തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. കണ്ണൻ പട്ടേരിയുടേതാണ് ഛായാഗ്രഹണം. അപ്പു എൻ ഭട്ടതിരി, ഷൈജാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
Content Highlights: lukman indrans jaffer idukki in jackson bazaar youth movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..