തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സഹപാഠികളുടെ സാമ്പത്തികസ്ഥിതിയും തമ്മിലുള്ള വ്യത്യാസം താൻ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് യഷ് സംസാരിച്ചു.

ദക്ഷിണേന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ് യഷ്. കെജിഎഫ് എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് അദ്ദേഹത്തിന്റെ താരമൂല്യം ഉയർന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രം ഇംഗ്ലീഷ് ഭാഷയിലുൾപ്പെടെ റിലീസിന് തയ്യാറെടുക്കവേ സിനിമയിലേക്ക് വരുന്നതിന് മുൻപുള്ള തന്റെ ജീവിതം പറഞ്ഞിരിക്കുകയാണ് അദ്ദേഹം. അച്ഛനമ്മമാരിട്ട പേര് നവീൻ ഗൗഡ എന്നാണെന്നും താനൊരു പലചരക്കുകട നടത്തിയിട്ടുണ്ടെന്നും യഷ് പറഞ്ഞു. ആപ് കി അദാലത്ത് എന്ന ഷോയിലാണ് യഷ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സഹപാഠികളുടെ സാമ്പത്തികസ്ഥിതിയും തമ്മിലുള്ള വ്യത്യാസം താൻ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് യഷ് സംസാരിച്ചു. സ്കൂൾ കാലഘട്ടത്തിൽ താൻ ഒരിക്കലും ആ വ്യത്യാസം അനുഭവിച്ചിട്ടില്ലെന്നും എന്നാൽ കോളേജിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ മാറിയത്. കോളേജിലെ മറ്റെല്ലാ കുട്ടികൾക്കും സ്വന്തമായി ബൈക്കുകളും കാറുകളും നല്ല വസ്ത്രങ്ങളും ഉണ്ടായിരുന്നു. എന്നാൽ തനിക്ക് ആകെയുണ്ടായിരുന്നത് പിതാവിന്റെ പഴയൊരു സ്കൂട്ടർ മാത്രമായിരുന്നുവെന്ന് യഷ് പറഞ്ഞു.
"കുടുംബത്തെ സഹായിക്കാൻ ഞാൻ അന്ന് ഒരു പലവ്യഞ്ജന കട നടത്തിയിരുന്നു. ആ പഴയ സ്കൂട്ടറിൽ യാത്ര ചെയ്യാൻ എനിക്ക് വല്ലാത്ത നാണക്കേട് തോന്നിയിരുന്നു. ചിലപ്പോൾ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ആ സ്കൂട്ടറിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. എനിക്ക് വല്ലാത്ത അപകർഷതാബോധം തോന്നിയിരുന്നു. ആരും എന്നെ ഈ കോലത്തിൽ കാണരുതെന്ന് ഞാൻ പലപ്പോഴും കരുതി. സുഹൃത്തുക്കൾ എന്നെ ആ അവസ്ഥയിൽ കാണുന്നതിൽ എനിക്ക് അരക്ഷിതാവസ്ഥയുണ്ടായിരുന്നു," യഷ് ഓർത്തെടുത്തു.
തന്റെ മാതാപിതാക്കൾക്ക് കുടുംബത്തിനായി വലിയ ആസ്തിയൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, അതിനേക്കാൾ വിലയേറിയ ജീവിതപാഠങ്ങളും അടിയുറച്ച പിന്തുണയും അവർ തനിക്ക് നൽകിയെന്ന് യഷ് പറഞ്ഞു. "എന്റെ മാതാപിതാക്കൾക്ക് ഞങ്ങൾക്കായി സ്വത്തുക്കളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല, എന്നാൽ ഞങ്ങളെ ജീവിതമൂല്യങ്ങൾ പഠിപ്പിക്കാൻ അവർ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഞാൻ അവരോട് നന്ദിയുള്ളവനാണ്. അവർ എപ്പോഴും എന്നിൽ വിശ്വസിക്കുകയും എനിക്ക് ആവശ്യമായതെല്ലാം നൽകുകയും ചെയ്തു," യഷ് കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്', പോർച്ചുഗീസ് ഭരണകാലഘട്ടത്തിന്റെ അവസാന നാളുകളിലെ ഗോവയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇരട്ട വേഷങ്ങളിലാണ് യഷ് എത്തുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്.
ആഗോള തലത്തിൽ റിലീസ് ലക്ഷ്യമിടുന്ന ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ എത്തുന്നത്. വടക്കേ അമേരിക്കയിൽ ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രം പ്രദർശനത്തിനെത്തുക. ഇന്ത്യയിൽ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.
Content Highlights: Superstar Yash opened up about his humble beginnings on Aap Ki Adalat, recalling how he ran a provision store and rode an old scooter during his college days while struggling with financial insecurities before achieving massive stardom.
Published: 22 Aug 2026, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented