ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ലോകമാകെ തരംഗമായിരിക്കുകയാണ്. ഹെവി മാസ് വയലന്‍സ് മൂവി എന്നാണ് ഏവരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗമായെത്താനിരിക്കുന്ന മാര്‍ക്കോ 2-ല്‍ തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം വില്ലനായെത്തുന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ആ വാര്‍ത്തകള്‍ക്ക് ആക്കംകൂട്ടി വിക്രമിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ്. 

To advertise here,

ചിയാന്‍ വിക്രമിനോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചിരിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതോടെ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. ഉണ്ണിയോടൊപ്പം വിക്രവും എത്തുമ്പോള്‍ മാര്‍ക്കോ 2 സംഭവബഹുലമാകും, ഇത് അതുക്കും മേലേ, വന്‍ സംഭവം... എന്നൊക്കെയാണ് പലരുടേയും കമന്റുകള്‍. തിയേറ്ററുകളില്‍ 'മാര്‍ക്കോ'  മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സില്‍ കുതിപ്പ് തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെയും ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ചിരിക്കുന്ന 'മാര്‍ക്കോ' മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമയെന്നാണ് പ്രേക്ഷകാഭിപ്രായം. മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തിയിരിക്കുന്ന 'മാര്‍ക്കോ' ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. 

'ബാഹുബലി'ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. 

ആ പ്രതീക്ഷ നൂറുശതമാനം ചിത്രം നിറവേറ്റിയിട്ടുണ്ടെന്നാണ് തിയേറ്റര്‍ ടോക്ക്. ചിത്രത്തിന്റെ ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ആന്‍ഡ് ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അബ്ദുള്‍ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്: വിപിന്‍ കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.