നാട്ടിലെ തികഞ്ഞ കമ്മ്യൂണിസ്റ്റായ വട്ടക്കുട്ടേൽ ചേട്ടായിയുടെയും മകൻ ബെന്നിയുടേയും അയാളിഷ്ടപ്പെടുന്ന പൊന്നില എന്ന പെൺകുട്ടിയുടേയും അവർക്കിടയിൽ നടക്കുന്നൊരു വൻ സംഭവത്തിൻറേയും ദൃശ്യാവിഷ്കാരമായി എത്തുന്ന 'തീപ്പൊരി ബെന്നി'യുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ഹാസ്യവേഷങ്ങളിലും നായകനായും ക്യാരക്ടർ റോളുകളിലുമൊക്കെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുതിർന്ന താരം ജഗദീഷും മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ അർജ്ജുൻ അശോകനുമാണ് ചിത്രത്തിൽ അച്ഛനും മകനുമായെത്തുന്നത്. പൊന്നില എന്ന നായിക കഥാപാത്രമായി 'മിന്നൽ മുരളി' ഫെയിം ഫെമിന ജോർജ്ജുമെത്തുന്നു. 

To advertise here,

അച്ഛൻറെയും മകൻറെയും ആത്മബന്ധത്തിൻറെയും അവരുടെ ജീവിതത്തിലെ തമാശകളുടേയും കഥ പറയുന്ന ചിത്രമാണ് തീപ്പൊരി ബെന്നി. വൻവിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് രാജേഷ് ജോജി എന്ന പേരിലാണ് ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻറെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത്. 

വട്ടക്കുട്ടേൽ ചേട്ടായി എന്ന വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗദീഷ് അവതരിപ്പിക്കുന്നത്. ഇയാളുടെ മകനായ ബെന്നിയായി അർജുൻ അശോകനെത്തുന്നു. ഇടതുപക്ഷ രാഷ്ട്രീയക്കാരനാണ് അപ്പനെങ്കിലും മകൻ രാഷ്ട്രീയം തന്നെ എതിർക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഇത്തരം വൈരുദ്ധ്യങ്ങൾ മൂലമുള്ള സംഘർഷങ്ങളും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവും ഒക്കെ ചേർത്ത് നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് 'തീപ്പൊരി ബെന്നി' എന്നാണ് ട്രെയിലർ വ്യക്തമാക്കുന്നത്. ബെന്നി എങ്ങനെ തീപ്പൊരി ബെന്നിയായെന്നതും സിനിമയിലെ വലിയ സസ്പെൻസായിരിക്കും. നിരവധി നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമ ഈ മാസം 22നാണ് റിലീസിനൊരുങ്ങുന്നത്. 

ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. 

ഛായാഗ്രഹണം: അജയ് ഫ്രാൻസിസ് ജോർജ്ജ്, കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: രാജേഷ് മോഹൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, സൗണ്ട് മിക്സിംഗ്: അജിത് എ ജോർജ്ജ്,  കോസ്റ്റ്യൂം ഡിസൈൻ: ഫെമിന ജബ്ബാർ, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടർ: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ട്രെയിലർ കട്സ്: കണ്ണൻ മോഹൻ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.