
നടന്‍ മോഹന്‍ലാലിന്റെ നാല് പതീറ്റാണ്ടോളം നീണ്ട കരിയറില്‍ ഒരു സുപ്രധാന അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്നു. നടന്‍മാരായ മമ്മൂട്ടി, പൃഥ്വിരാജ്, സംവിധായകരായ സിബി മലയില്‍, ഫാസില്‍ തുടങ്ങി ഒട്ടനവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. മോഹന്‍ലാലിന്റെ കുടുംബവും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും സംസാരിച്ചു. പൊതുവേദികളില്‍ അധികം സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത താന്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധപ്രകാരമാണ് സംസാരിച്ചതെന്ന് സുചിത്ര പറഞ്ഞു.
''കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാലില്‍) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ (മോഹന്‍ലാല്‍) ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലാം നേടി. ഒരു സംവിധായകന്‍ എന്ന നിലയില്‍ പുതിയ ഒരു തുടക്കമാണിത്. ഇന്ന് എന്തെങ്കിലും സംസാരിച്ചേ മതിയാകൂ എന്ന് തോന്നി.
നവോദയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതും വില്ലനായി. അന്ന് ഞാന്‍ അദ്ദേഹത്തെ വെറുത്തു. വില്ലനായി അദ്ദേഹം അഭിനയിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വെറുത്തു. അങ്ങനെ വെറുപ്പ് തോന്നിയതിന് കാരണം, അദ്ദേഹം ചെയ്യുന്ന ജോലിയില്‍ നല്ലതായത് കൊണ്ടുമാത്രമാണ്. നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം.''
ബോറോസ് സംവിധാനം ചെയ്യാനുള്ള മോഹന്‍ലാലിന്റെ തീരുമാനം നല്ലതാണെന്നും സുചിത്ര പറഞ്ഞു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹന്‍ലാല്‍ മാറുമെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
Content Highlights: suchitra mohanlal speech about Barroz Movie, Mohanlal
Published: 25 Mar 2021, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented