ബസുകളുടെ അമിത വേ​ഗതയ്ക്കും മത്സരയോട്ടത്തിനുമെതിരെ മുഖ്യമന്ത്രിക്കും ​ഗതാ​ഗത മന്ത്രിക്കും തുറന്ന കത്തുമായി നടൻ സന്തോഷ് കീഴാറ്റൂർ. മനുഷ്യ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ മുതലാളിക്കുവേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിൽ ആരോപിച്ചു. മാന്യമായി ജോലി ചെയ്യുന്നവർക്ക് ഇത്തരക്കാർ കളങ്കമാണ്. ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും താരം ആവശ്യപ്പെടുന്നു.

To advertise here,

സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റിന്റെ പൂർണരൂപം:

"ബഹുമാനപ്പെട്ട, മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും അറിയാൻ, കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്തു. ഭാഗ്യമാണോ അമ്മയുടെയും അച്ഛന്റെയും പ്രാർഥനയാണോ, അല്ല മറ്റ് എന്തെങ്കിലും മിറാക്കിൾ ആണോ എന്നറിയില്ല. അപകട മരണം സംഭവിച്ചില്ല. അത്രയും വേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങും. മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്ത മുതലാളിക്കു വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി ചില ഡ്രൈവർമാർ ഇപ്പോഴും നമ്മുടെ നിരത്തുകളിൽ നിർജീവം പരിലസിക്കുകയാണ്. 

കണ്ണൂരിൽ നിന്നും തിരിച്ച് കെ.എസ്.ആർ.ടി.സി ബസിലാണ് യാത്ര ചെയ്തത്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞത് പോലെ. അതുക്കും മേലെ. സൈക്കോ ജീവനക്കാർ. ഈ കത്ത് എല്ലാ ബസ് ജീവനക്കാരെയും കുറ്റപ്പെടുത്തുന്നതല്ല. മാന്യമായി തൊഴിൽ ചെയ്യുന്നവരും ഉണ്ട്. ഇവർക്ക് കളങ്കം വരുത്തുന്നത് കുറച്ച് സൈക്കോ ജീവനക്കാരാണ്. ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം. 

ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഇപ്പോഴും പാട് പെടുന്നവർക്ക് നമ്മുടെ പൊതുഗതാഗതം നല്ല സൗകര്യങ്ങൾ ചെയ്തു തരണം. ജനങ്ങളാണ് സർക്കാർ. സമയം കുറവാണ് എന്ന് പറഞ്ഞുകൊണ്ടുള്ള മൽസര ഓട്ടം കെ.എസ്.ആർ.ടി.സി എങ്കിലും മതിയാക്കണം. കാറിൽ എപ്പോഴും യാത്ര ചെയ്യാൻ പറ്റില്ല. മനുഷ്യൻമാരെ കണ്ടും ചുറ്റുപാടുകളെ കണ്ടും പൊതു ഗതാഗത സൗകര്യം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണ്."