രൺവീർ സിങ് നായകനായ 'ധുരന്ധർ: ദി റിവഞ്ച്' എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. മുമ്പ് ഒരു ചടങ്ങിൽ രൺവീർ സിങ് 'കാന്താര'യിലെ ദൈവക്കോലത്തെ പരിഹസിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രൺവീറിനെതിരെ കേസുമുണ്ട്. എന്നാൽ ഇതെല്ലാം മറന്നുകൊണ്ടാണ് ധുരന്ധർ -2നെ പ്രശംസിച്ചുകൊണ്ട് ഋഷഭ് ഷെട്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

To advertise here,

ഓരോ ഫ്രെയിമും യുദ്ധഭേരി പോലെ തോന്നിച്ചു എന്നാണ് ധുരന്ധർ-2നെക്കുറിച്ച് ഋഷഭ് ഷെട്ടി എക്സിൽ കുറിച്ചത്. ‘ധുരന്ധർ: ദി റിവഞ്ച് ആദ്യ രംഗം മുതൽ നിങ്ങളെ പിടിച്ചിരുത്തുന്നു, ഇത് വെറുമൊരു രണ്ടാം ഭാഗമല്ല, മറിച്ച് ഒരു പ്രസ്താവനയാണ്’ എന്ന് അദ്ദേഹം കുറിച്ചു. ചിത്രത്തിലെ കഥപറച്ചിലിനെയും അഭിനേതാക്കളുടെ പ്രകടനങ്ങളെയും അദ്ദേഹം വാനോളം പുകഴ്ത്തി.

സഞ്ജയ് ദത്തിന്റെ പ്രകടനത്തെ ഋഷഭ് പ്രത്യേകം പരാമർശിച്ചു. ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരുടെ പ്രകടനങ്ങളെയും ഷെട്ടി പ്രശംസിച്ചു. വികാസ് നൗലഖയുടെ ദൃശ്യങ്ങളും ശാശ്വത സച്ദേവിന്റെ സംഗീതവും ശിവകുമാർ വി. പണിക്കരുടെ എഡിറ്റിങ്ങും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്താണ് കാന്താര വിവാദം?

2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങിൽ രൺവീർ സിങ് കാന്താരയിലെ 'ദൈവക്കോലം' അനുകരിച്ചത് ഋഷഭ് ഷെട്ടിയെ അസ്വസ്ഥനാക്കിയിരുന്നു. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തലിന്റെ പരാതിയിൽ രൺവീറിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ധുരന്ധർ റിലീസായി വലിയ വിജയം നേടിയത്. എന്നാൽ അന്ന് ഈ സിനിമയെക്കുറിച്ചോ അതിന്റെ വിജയത്തെക്കുറിച്ചോ ഋഷഭ് ഷെട്ടി പ്രതികരിച്ചിരുന്നില്ല.