വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന താരവിവാഹത്തിന്റെ അലയൊലികളിൽ ഇനിയും അവസാനിച്ചിട്ടില്ല. ഇരുവരുടേയും വിശേഷങ്ങളും ആഘോഷങ്ങളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ചയാണ്. അതിനിടെ, പുതിയ ഒരു ഓഡിയോ പുറത്തുവന്നിരിക്കുകയാണ്. രശ്മിക മന്ദാനയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തെലുങ്കിലെ ഒരു സിനിമാ മാധ്യമപ്രവർത്തകന്റെ യൂട്യൂബ് ചാനലിലാണ് ഓഡിയോ പ്രത്യക്ഷപ്പെട്ടത്. നടൻ രക്ഷിത് ഷെട്ടിയുമായി ഉറപ്പിച്ചിരുന്ന രശ്മികയുടെ വിവാഹം എന്തുകൊണ്ട് മുടങ്ങി എന്ന് സുമൻ പറയുന്നതായാണ് വീഡിയോയിലുള്ളത്.

To advertise here,

രശ്മികയ്ക്ക് 21 വയസ്സുള്ളപ്പോഴാണ് 35-കാരനായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം ഉറപ്പിക്കുന്നത്. ഇത്രയും പ്രായവ്യത്യാസമുണ്ടായിട്ടും തങ്ങൾ വിവാഹത്തിന് സമ്മതിച്ചുവെന്ന് അമ്മയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദശകലത്തിൽ പറയുന്നു. ചെറിയ കാര്യങ്ങൾക്കുപോലും രക്ഷിത് ഷെട്ടി വലിയ പ്രശ്‌നമുണ്ടാക്കും. രശ്മികയ്ക്ക് അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വലിയ താരങ്ങൾക്കൊപ്പം രശ്മിക അഭിനയിക്കുന്നത് രക്ഷിത് ഷെട്ടിക്ക് സഹിക്കാൻ പറ്റിയില്ലെന്നും ശബ്ദശകലത്തിൽ ആരോപിക്കുന്നു.

'ഗീതാഗോവിന്ദം' ഓഫർ വന്നപ്പോൾ സിനിമ വിടാൻ രക്ഷിത് ഷെട്ടി നിർബന്ധിച്ചു. ട്വിറ്ററിലൂടെ സിനിമ വിടുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ രക്ഷിതും അടുപ്പക്കാരും സമ്മർദം ചെലുത്തിയെന്ന് അവർ ആരോപിക്കുന്നു. ചിത്രത്തിലെ ചുംബനരംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രശ്‌നം രൂക്ഷമായി. രക്ഷിതിന്റെ സ്വഭാവം ആകെ മാറി. അഭിനയം അവസാനിപ്പിച്ച്, രശ്മികയെ വിവാഹംചെയ്ത് വീട്ടിലിരുത്താനായിരുന്നു അവരുടെ പദ്ധതിയെന്നും ശബ്ദശകലത്തിൽ പറയുന്നു.

'ഒരുദിവസം പുലർച്ചെ രണ്ടുമണിക്ക് രക്ഷിത് ഷെട്ടിയും മാനേജരും വിളിച്ചു. ഹൈദരാബാദിൽനിന്ന് രശ്മികയോട് വണ്ടിയോടിച്ച് നടനെ കാണാൻ വരാൻ ആവശ്യപ്പെട്ടു. തിരിച്ച് എട്ടുമണിക്ക് തിരിച്ചുവരണം. മകളുടെ സുരക്ഷയെച്ചൊല്ലി ഞാൻ അനുവദിച്ചില്ല', സുമൻ മന്ദാനയുടേതെന്ന പേരിലെ ഓഡിയോയിൽ അവകാശപ്പെടുന്നു.

2016-ൽ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രമായ കിറിക് പാർട്ടിയിലൂടെയാണ് രശ്മികയുടെ അരങ്ങേറ്റം. 2017 ജൂലൈയിൽ, ചിത്രത്തിലെ നായകനായ രക്ഷിതുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അന്ന് രശ്മികക്ക് 21 വയസ്സും രക്ഷിതിന് 35 വയസ്സുമായിരുന്നു. 2018 സെപ്റ്റംബറിൽ, ഒത്തുപോകാൻ കഴിയാത്ത കാരണങ്ങളാൽ ഇരുവരും ഈ ബന്ധം വേണ്ടെന്ന് വെച്ചു. ഈ വാർത്ത പുറത്തുവന്നതിന് ശേഷം രശ്മിക കടുത്ത അധിക്ഷേപങ്ങൾ നേരിട്ടു.

ശബ്ദശകലത്തിലെ അവകാശവാദങ്ങൾക്ക് സമാനമാണ് രശ്മിക നായികയായ 'ദ ഗേൾഫ്രണ്ട്' എന്ന ചിത്രത്തിന്റെ പ്രമേയം. കാമുകന്റെ അമിത പൊസസീവ്‌നെസും നിയന്ത്രണങ്ങളുംമൂലം മാനസികമായി പീഡിപ്പിക്കപ്പെടുന്ന കോളേജ് വിദ്യാർഥിയുടെ കഥയാണ് ചിത്രം പറയുന്നത്. തന്റെ ജീവിതവുമായി ചിത്രത്തിന് ഏറെ സാമ്യമുണ്ടെന്ന് രശ്മിക പറഞ്ഞിരുന്നു. വൈകാരികമായാണ് രശ്മിക തന്റെ ജീവിതത്തെക്കുറിച്ചും ചിത്രവുമായുള്ള സാമ്യതയെക്കുറിച്ചും അന്ന് പറഞ്ഞത്.