'ദുരന്തർ: ദി റിവഞ്ച്' എന്ന സിനിമയിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ചിത്രീകരിച്ചിരിക്കുന്ന രീതിയോട്‌ യോജിപ്പില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ. 'ദുരന്തർ' സിനിമകളുടെ ആരാധകനാണെങ്കിലും വിയോജിക്കുന്ന ഒരേയൊരു ഘടകം ദാവൂദിനെ അവതരിപ്പിച്ച രീതിയോടാണെന്ന്‌ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. സംവിധായകൻ ആദിത്യ ധറിന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു. എങ്കിലും തന്റെ ധാരണ അനുസരിച്ച് അധോലോക കുറ്റവാളിയുടെ നിലവിലെ അവസ്ഥയുമായി സിനിമയിലെ ചിത്രീകരണം ഒത്തുപോകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

സിനിമയുടെ മേക്കിങ്ങിനെയും അവതരണ രീതിയെയും വർമ പ്രശംസിച്ചു. എന്നാൽ ദാവൂദ് ഇബ്രാഹിമിനെ അവതരിപ്പിച്ച രീതിയിൽ വിയോജിപ്പുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് വിവരങ്ങൾ തേടാൻ സ്വന്തം നിലയിലുള്ള ഉറവിടങ്ങൾ ഉണ്ടാകാം. പക്ഷേ അവതരിപ്പിച്ച രീതി തെറ്റായിപ്പോയി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'ദുരന്തർ 2'-ൽ അധോലോക കുറ്റവാളിയെ 'ബഡേ സാഹബ്' എന്ന് പരാമർശിക്കുകയും പാക്കിസ്താനിൽ ഇരുന്നുകൊണ്ട് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതായി കാണിക്കുകയും ചെയ്യുന്നുണ്ട്. ഈ വ്യാഖ്യാനം തന്റെ ധാരണയുമായി യോജിക്കുന്നതല്ലെന്ന് വർമ്മ പറയുന്നു. ഈ വിഷയത്തിൽ വിമർശനം ഉന്നയിക്കാൻ തനിക്ക് പൂർണമായ അധികാരമില്ലെന്ന് തിരിച്ചറിയുന്നു. എങ്കിലും ഈ കഥാപാത്രം തന്റെ അറിവനുസരിച്ചുള്ള ദാവൂദിന്റെ നിലവിലെ അവസ്ഥയുമായി യോജിക്കുന്നില്ല. പൂർണമായ ആധികാരികതയോടെ പറയാൻ കഴിയുന്ന ഒന്നല്ല അത്. പക്ഷേ താൻ അറിയുന്ന കാര്യങ്ങളുമായി ഇതിന് യോജിപ്പില്ല. ദാവൂദ് ഒരു പരിധി വരെ നിഷ്‌ക്രിയനാണ് എന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞത്. അയാൾ സ്വന്തം ഇഷ്ടപ്രകാരം നിഷ്‌ക്രിയനായിരിക്കുകയാണ്. അയാൾ എന്തെങ്കിലും ചെയ്യുന്നതൊക്കെ നിർത്തി. അയാൾ 20 വർഷം മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു എന്നാണ് താൻ കരുതുന്നതെന്നും രാം ഗോപാൽ വർമ പറയുന്നു.

ഇതുസംബന്ധിച്ച സത്യാവസ്ഥ കൃത്യമായി സ്ഥിരീകരിക്കാനോ നിഷേധിക്കാനോ നിലവിൽ ആർക്കും കഴിയില്ല. ഇക്കാര്യത്തിൽ ആർക്കും ഒരു വിദഗ്ധനാകാൻ കഴിയില്ല എന്നതാണ് സത്യം. 'ദുരന്തർ' ൽ ചിത്രീകരിച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ തനിക്ക് കഴിയില്ല. സംവിധായകനും അത് തെളിയിക്കാൻ കഴിയില്ല. എല്ലാം അദ്ദേഹത്തിന്റെ നിഗമനം മാത്രമാണെന്നും രാം ഗോപാൽ വർമ അഭിപ്രായപ്പെട്ടു.

'ദുരന്തർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ രൺവീർ സിങ് അവതരിപ്പിച്ച ഹംസ അലി മാസാരിയുടെ കഥയാണ് പറയുന്നത്. ഭീകരാക്രമണങ്ങൾക്ക് പ്രതികാരം ചെയ്യുന്ന ചാരനായ ഹംസയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. മാർച്ച് 19 ന് റിലീസ് ചെയ്ത ചിത്രത്തിൽ അർജുൻ രാംപാൽ, ആർ മാധവൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി, ഡാനിഷ് പാണ്ടോർ, സാറാ അർജുൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.