
കന്നട സൂപ്പർതാരം രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ചിത്രം '777 ചാർളി'യുടെ ഒഫീഷ്യൽ ട്രെയിലർ മലയാള താരങ്ങളായ നിവിൻ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗ്ഗീസ് തുടങ്ങിയവർ ചേർന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ചാർളി എന്ന നായ്ക്കുട്ടിയുടെ കുസൃതികളും ധർമ്മ എന്ന യുവാവുമായുള്ള സൗഹൃദവും ആത്മബന്ധവും യാത്രയും വൈകാരിക പശ്ചാത്തലവുമെല്ലാം ഉൾപ്പെട്ടതാണ് ട്രെയിലർ.
എപ്പോഴും പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് ചാർളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധർമ്മയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്. ജൂൺ 10ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി ചിത്രം പുറത്തിറങും.
'777 ചാർളി'യുടെ മലയാളം പതിപ്പ് പൃഥ്വിരാജും തമിഴ് പതിപ്പ്, സംവിധായകനും നിർമ്മാതാവുമായ കാർത്തിക് സുബ്ബരാജും തെലുങ്ക് പതിപ്പ് നടനും നിർമ്മാതാവുമായ നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് നിർമ്മാണം വഹിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാളിയായ നോബിൻ പോളാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, ചിത്രസംയോജനം: പ്രതീക് ഷെട്ടി, സംവിധാന സഹായികൾ: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കണ്ണത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവരുമാണ്. പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്.
Content Highlights: Rakshit Shetty, 777 Charlie Movie Trailer, Prithviraj Productions
Published: 16 May 2022, 02:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented