മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ വധം നടൻ പ്രകാശ് രാജിനെ വ്യക്തിപരമായി വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്ന് ഭാര്യ പോണി വർമ. തന്റെ നിലപാടുകളിൽ കൂടുതൽ ശക്തമായി ഉറച്ചുനിൽക്കാൻ ഗൗരിയുടെ കൊലപാതകം അദ്ദേഹത്തിന് പ്രചോദനമായെന്നും കൊറിയോഗ്രാഫർ കൂടിയായ പോണി വർമ പറഞ്ഞു. തുറന്നുപറച്ചിലുകളും രാഷ്ട്രീയ നിലപാടുകളും കാരണം പ്രകാശ് രാജിന് അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും അവർ തുറന്നുപറഞ്ഞു.

To advertise here,

2017-ലാണ് പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തുകൂടിയായ ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീടിന് മുന്നിൽ വെടിയേറ്റു മരിച്ചത്. സംഭവം അദ്ദേഹത്തെ മാനസികമായി ഉലച്ചു. എന്നാൽ, അനീതികൾക്കെതിരെ കൂടുതൽ ഉറക്കെ ശബ്ദമുയർത്താൻ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം പലരും അകന്നു. എങ്കിലും, കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നത് തുടരുകയാണെന്നും പോണി വർമ വ്യക്തമാക്കി.

നിലപാടുകൾ തുറന്നുപറയുന്നത് പ്രകാശ് രാജിന്റെ പ്രൊഫഷണൽ കരിയറിനെയും ബാധിച്ചു. നിരവധി പരസ്യചിത്രങ്ങളും സിനിമാ അവസരങ്ങളും അദ്ദേഹത്തിന് നഷ്ടമായി. എങ്കിലും സത്യത്തിന് വേണ്ടി നിലകൊള്ളുന്നതിൽനിന്നും പ്രതികരിക്കുന്നതിൽനിന്നും അദ്ദേഹം പിന്മാറിയിട്ടില്ലെന്ന് പോണി വർമ കൂട്ടിച്ചേർത്തു.

35 വർഷത്തോളം നീണ്ട സൗഹൃദമായിരുന്നു പ്രകാശ് രാജും ഗൗരി ലങ്കേഷും തമ്മിലുണ്ടായിരുന്നത്. ഗൗരി ലങ്കേഷിന്റെ ഓർമദിനങ്ങളിൽ 'നാനു ഗൗരി' (ഞാനും ഗൗരിയാണ്) എന്ന ഹാഷ്ടാഗിലൂടെ പ്രകാശ് രാജ് തന്റെ അമർഷം പങ്കുവെക്കാറുണ്ട്.