കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് സഹനിർമാതാവ് നൽകിയ കേസിൽ വിശദീകരണവുമായി നിവിൻ പോളി. നിവിൻ നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് പി. എസ് ഷംനാസാണ് ഇരുവർക്കുമെതിരേ പരാതി നൽകിയിരുന്നത്.
ഇയാളിൽ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2-വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നായിരുന്നു പരാതി.
നിവിൻ പോളി ഫെയിസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ നിന്ന്;
'2025 ജൂൺ 28 മുതൽ ഈ വിഷയത്തിൽ കോടതി നിർദേശപ്രകാരമുള്ള മധ്യസ്ഥ ചർച്ചകൾ നടന്നുവരുകയാണ്. രഹസ്യസ്വഭാവം ഉറപ്പാക്കാൻ കോടതി ഗാഗ് ഓർഡർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോടതി നിർദേശങ്ങളെ മാനിക്കാതെയും, നിലവിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകൾ മറച്ചുവെച്ചും, വസ്തുതകൾ വളച്ചൊടിച്ചും പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. വിഷയത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കും. സത്യം വിജയിക്കും'. നിവിൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
തലയോലപ്പറമ്പ് പോലീസാണ് നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. 406,420,34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി എസ് ഷംനാസിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നല്കിയിരുന്നതായാണ് പരാതി. തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി 1 കോടി 90 ലക്ഷം പി എസ് ഷംനാസ് കൈമാറുകയും ചെയ്തതായി പറയുന്നു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈന് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും പി എസ് ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പി എസ് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന ഒരു മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായ് ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടുകോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
Content Highlights: Nivin Pauly Addresses Fraud Allegations Regarding 'Action Hero Biju 2'
Published: 17 Jul 2025, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented