കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

To advertise here,

വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ശ്രീജക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വാക്കുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.

"നമ്മൾ ഒരിക്കലും അപരിചിതരാകേണ്ടവരല്ലായിരുന്നു. ഇന്ന്, നമ്മൾ ഒന്നിച്ച് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. അതേ... എന്റെ ജീവിതത്തിന് ഏറ്റവും അനുയോജ്യയായ ആളോടൊപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിലേക്ക്... അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തികച്ചും ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു . ഞങ്ങളുടെ വിവാഹ വാർത്തയായി ഇതിനെ കണക്കാക്കണമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു" - ആനന്ദ് മധുസൂദനൻ കുറിച്ചു.

പി. ജയചന്ദ്രന്റെ ശബ്ദത്തിൽ വൻഹിറ്റായി മാറിയ പൊടിമീശ മുളയ്ക്കണ കാലം...(പാ.വ.) എന്ന ഗാനമാണ് ആനന്ദിനെ ഏറെ പ്രശസ്തനാക്കിയത്. പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്നത് ആനന്ദ് മധുസൂദനനാണ്. സൂരജ് ടോം സംവിധാനം ചെയ്ത വിശേഷം എന്ന ചിത്രത്തിലൂടെ അദ്ദേഹം അടുത്തിടെ നായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവ നിർവഹിച്ചതും ആനന്ദ് തന്നെയായിരുന്നു.