തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പിന്തുണച്ച് നടനും എംഎൽഎയുമായ മുകേഷ്. അദ്ദേഹം പറഞ്ഞത് ആ ഉദ്ദേശത്തോടെ ആയിരിക്കില്ലെന്നും ഗുരുക്കൻമാർ പറഞ്ഞുകൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും മുകേഷ് പ്രതികരിച്ചു. 

To advertise here,

അഭിമുഖം നടത്തി ആവശ്യമെങ്കിൽ മൂന്ന് മാസത്തെ ട്രെയിനിങ് നൽകണമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതെന്നും മുകേഷ് പറഞ്ഞു. ട്രെയിനിങ് നൽകിയ ശേഷം സിനിമാ നിർമിക്കാൻ കൊടുത്താൽ കുറേക്കൂടി നന്നാവും. കപ്പാസിറ്റി ഇല്ലാത്തവരാണെങ്കിൽ ഗുരുക്കൻമാർ പറഞ്ഞുകൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും മുകേഷ് പറഞ്ഞു. 

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.

ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകയായ പുഷ്പവതി പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വകവെക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം തുടരുകയായിരുന്നു.