തന്റെ അടുത്ത ഏഴ് സിനിമകളുടെ സംവിധായകരെ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ അടുത്ത ഏഴ് ചിത്രങ്ങളുടെ സംവിധായകർ ആരാണെന്ന വിവരം പുറത്തുവിട്ടത്. 'ആവേശകരമായ കഥകൾ, യാത്രകൾ. അത്രയും പ്രത്യേകതയുള്ള സംവിധായകർ. എന്റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങൾ ഇതാ' എന്ന കുറിപ്പോടെയാണ് മോഹൻലാൽ സംവിധായകരുടെ പട്ടിക പുറത്തുവിട്ടത്.

To advertise here,

വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാണ് മോഹൻലാൽ അടുത്തതായി അഭിനയിക്കുക. ഇവയെല്ലാം നേരത്തെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ചിത്രീകരണം തുടരുകയാണ്. ജീത്തു ജോസഫിന്റെ 'ദൃശ്യം 3'-യാണ് മോഹൻലാൽ നായകനായി ഒടുവിലിറങ്ങിയ ചിത്രം. മകൾ വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റചിത്രം 'തുടക്ക'ത്തിൽ അതിഥിവേഷത്തിലും താരമുണ്ടായിരുന്നു.

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന വൈശാഖ് ചിത്രം 'ഖലീഫ'യിൽ അതിഥിവേഷത്തിൽ മോഹൻലാലുണ്ട്. പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ- സെയ്ഫി അലിഖാൻ ചിത്രം 'ഹൈവാൻ', രജനീകാന്ത് ചിത്രം 'ജയിലർ 2' എന്നീ ചിത്രങ്ങളിലും മോഹൻലാൽ അതിഥിവേഷത്തിൽ എത്തും.

'മേപ്പടിയാൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന് 'എൽ367' എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്. 'അതിമനോഹരം' പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ഈ ചിത്രത്തിൽ ചേർന്നേക്കും.

തുടർന്ന് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും മോഹൻലാൽ നായകനാവുക. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കും. ബിനു ജോർജ് അലക്‌സാണ്ടറും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുക.

പിന്നാലെ, പ്രിയദർശന്റെ നൂറാം ചിത്രത്തിൽ മോഹൻലാൽ നായകനാകും. ആശീർവാദ് സിനിമാസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാവും ഇതെന്ന് പ്രിയദർശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദിലീഷ് പോത്തൻ- മോഹൻലാൽ ചിത്രം 'നെടുങ്കണ്ടം മിറാക്കിൾ' നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിലീഷ് പോത്തൻ ആദ്യമായി മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്, മന്ത്രി ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ്. ശ്യാം പുഷ്‌കരനും പോൾസൺ സ്‌കറിയയും ചേർന്നാണ് രചന. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷൈജു ഖാലിദും എഡിറ്റിങ് സൈജു ശ്രീധരനുമാണ്. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനർ. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്.

'ഹൃദയപൂർവ'മാണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒടുവിലറങ്ങിയ മോഹൻലാൽ ചിത്രം. മോഹൻലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ശ്രീനിവാസനുമായി ചേർന്ന് ആലോചിച്ചിരുന്നതായി സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മകൾ നായികയായ 'തുടക്ക'ത്തിന്റെ വിജയത്തിന് പിന്നാലെയാണ് ജൂഡുമായി ചേർന്നുള്ള ചിത്രം മോഹൻലാൽ പ്രഖ്യാപിച്ചത്. അടുത്ത വർഷമാവും ചിത്രം നിർമാണത്തിലേക്ക് കടക്കുക. തുടർന്ന് 'ദൃശ്യം 3'-യ്ക്ക് ശേഷമുള്ള ജീത്തു- മോഹൻലാൽ ചിത്രവും ഒരുങ്ങും.